നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സിനു പുറത്തായി, തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഓസിസ് പട 49.3 ഓവറില്‍ 242 റണ്‍സില്‍ അവസാനിച്ചു.
ഓസിസ് വിജയത്തിന് 11 റണ്‍സ് മാത്രം അകലെ രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മാര്‍ക്കസ് സ്റ്റോയ്നിസ് (52), ആദം സാംപ (രണ്ട്) എന്നിവരെ വിജയ് ശങ്കര്‍ പുറത്താക്കിയതോടെ വിജയം ഇന്ത്യയുടെ കൈക്കുള്ളില്‍ എത്തുകയായിരുന്നു. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.
65 പന്തില്‍ നാല് ഫോറും ഒരു സിക്സുമടക്കം 52 റണ്‍സടിച്ച് ഓസീസ് പ്രതീക്ഷ അവസാന ഓവര്‍ വരെ നിലനിര്‍ത്തിയ മാര്‍ക്ക് സ്റ്റോയിന്സാണ് ടോപ്പ് സ്കോറര്‍. 59 പന്തില്‍ 48 റണ്‍സുമായി മികച്ച ഫോമില്‍ കളിക്കുകയായിരുന്ന പീറ്റര്‍ ഹാന്‍ഡ്സ് കോമ്പിനെ രവീന്ദ്ര ജഡേജ റണ്‍ ഔട്ടാക്കിയതും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
ആരോണ്‍ ഫിഞ്ചും ഉസ്മാന് ഖവാജയും മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 83 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആരോണ്‍ ഫിഞ്ച് 37 റണ്‍സിനും ഖ്വാജ 38 റണ്‍സെടുത്തും പുറത്തായി. തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യയെ മുന്നില്‍നിന്നു നയിച്ച കോഹ്ലി 116 റണ്‍സെടുത്ത് പുറത്തായി. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റ് വീഴ്ത്തി.
രോഹിത് ശര്‍മ ആദ്യ ഓവറില്‍ത്തന്നെ ഔട്ടായതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്ലി, 48ാം ഓവര്‍ വരെ ക്രീസില്‍നിന്നാണ് ഇന്ത്യയെ താങ്ങിനിര്‍ത്തിയത്. ഇതിനിടെ നാലാം വിക്കറ്റില്‍ വിജയ് ശങ്കറിനൊപ്പം 81 റണ്‍സിന്റെയും ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്ക്കൊപ്പം 67 റണ്‍സിന്റെയും കൂട്ടുകെട്ടും തീര്‍ത്തു.
Discussion about this post