പറക്കാന്‍ കൊതിച്ച് പ്രകാശം പരത്തിയ പെണ്‍കുട്ടി, കാലുകള്‍ കൊണ്ട് വിമാനം പറത്തിയ ഇരുകൈകളും ഇല്ലാത്ത ജെസീക്ക; ഇച്ഛാശക്തിയുണ്ടെങ്കില്‍ നമുക്കും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാം

prayar gopalakrishnan,sabarimala,pampa river
-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ പറക്കാന്‍ കൊതിച്ച പെണ്‍കുട്ടിയാണിവള്‍. ജെസീക്കയുടെ സ്വപ്നങ്ങളുടെ ചിറകുകള്‍ അവളുടെ ഇച്ഛാശക്തിയാണ്. കൈകളില്ലാതെ വളപ്പൊട്ട് പോലുള്ള ഒരു കുഞ്ഞിനെ കിട്ടിയപ്പോള്‍ അവരുടെ മാതാപിതാക്കള്‍ എന്തുമാത്രം സങ്കടപ്പെട്ടിട്ടുണ്ടാകും. എന്നിട്ടുമവളുടെ സ്വപ്നങ്ങള്‍ക്ക് മഴവില്ലിന്റെ അഴകായിരുന്നു. സപ്തവര്‍ണ്ണങ്ങള്‍ ചാര്‍ത്താന്‍ രക്ഷിതാക്കള്‍ ഒപ്പം നിന്നപ്പോള്‍ അവള്‍ ചിറകുകളില്ലാതെ തന്നെ പറന്നു. ജീവിതം തോറ്റുകൊടുക്കാനുള്ളതല്ല, ജയിക്കാനുള്ളതാണെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ചവരാണ് അമേരിക്കക്കാരി ജെസീക്ക കോക്‌സ് . ജന്മനാ ഇരുകൈകളുമില്ലായിരുന്നു ഇവര്‍ക്ക്. കുട്ടിക്കാലത്ത് കൂട്ടുകാരികള്‍ പട്ടം പറത്തുമ്പോള്‍ പറന്ന് പൊങ്ങുന്ന പട്ടത്തെയും നൂലിന്റെ അറ്റത്തുള്ള കുഞ്ഞിക്കൈകളെയും നോക്കി ജെസീക്കയുടെ ബാല്യം ഒത്തിരി കരഞ്ഞിട്ടുണ്ട്. അന്നവള്‍ ഉറപ്പിച്ച , ഒരു പൈലറ്റാവാന്‍. പട്ടങ്ങള്‍ക്കുമുകളില്‍ സ്വയം പറന്നങ്ങനെ പോകാന്‍. ഒരു കാര്യം ആഗ്രഹിക്കുക മാത്രമല്ല അതിനായി ചിന്തിക്കുകയും വീണ്ടും ചിന്തിക്കുകയും അതുമാത്രം ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ ജീവിതത്തില്‍ അസാധ്യമായതൊന്നുമില്ലെന്ന് ഈ പെണ്‍കുട്ടി തെളിയിച്ചു . അസാധ്യമെന്ന് എല്ലാവരും വിധിയെഴുതിയെങ്കിലും കൈകളില്ലാത്ത ജെസീക്ക 2008 ല്‍ വിമാനം പറത്തി ഗിന്നസ് റെക്കോര്‍ഡ് നേടി . പതിനായിരം അടിക്കുമുകളിലൂടെയാണ് കാലുകള്‍ കൊണ്ട് ജെസീക്ക വിമാനം പറത്തിയത് . കരാഠേയില്‍ രണ്ട് ബ്ലാക്ക് ബെല്‍റ്റും ഈ മുപ്പത്തിനാലുകാരി നേടിയിട്ടുണ്ട്. unnamedജെസീക്കയുടെ ജീവിതം നമുക്കും പാഠമാണ് . ജീവിതത്തില്‍ അസാധ്യമായത് ഒന്നുമില്ലെന്ന പാഠം. മാറാന്‍ നാം തയ്യാറായാല്‍ മാറ്റം ദൈവം നല്‍കും . വിവാഹജീവിതം നയിച്ച് നല്ലൊരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് ജസീക്ക. 1983 ഫെബ്രുവരി 2 നാണ് അമേരിക്കയിലെ അരിസോണയില്‍ ജെസിക്ക ജനിച്ചത് .അരിസോണ സര്‍വ്വകലാശാലയില്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഈ മിടുക്കി ഇതിനകം ഇരുപതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തന്റെ ജീവിത വിജയം പകര്‍ന്നുനല്‍കിയിട്ടുണ്ട് .2005 മുതലാണ് മോട്ടിവേഷണല്‍ സ്പീക്കര്‍ എന്ന നിലക്ക് സജീവമായത്.നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ജെസീക്കക്ക് 2012 ല്‍ അമേരിക്കയിലെ ഇന്‍സ്പിരേഷന്‍ അവാര്‍ഡ്‌സ് ഫോര്‍ വിമണ്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട് . പരാതികളും പരിഭവങ്ങളും മാത്രം കണ്ടെത്തി ജീവിതം തകര്‍ക്കുന്നവര്‍ ഈ പെണ്‍കുട്ടിയെ പഠിക്കുക. ലഭിച്ച അനുഗ്രഹങ്ങളില്‍ നന്ദിയുള്ളവരാകാന്‍ കഴിയാത്തിടത്തോളം നമുക്ക് ശരിയായ വിജയം ലഭിക്കുകയില്ല .ജീവിതത്തില്‍ നാം എന്താണോ എപ്പോഴും ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും അത് യാഥാര്‍ത്ഥ്യമാകും. കുറവുകളും കഴിവുകേടുകളും പറഞ്ഞ് മാറിനില്‍ക്കുന്നവര്‍ക്ക് എവിടെയും എത്താന്‍ കഴിയില്ല .നമുക്ക് കൈകളുണ്ട് കാലുകളുണ്ട് .എന്നിട്ടും നമ്മുടെതായ ഒരു കൈയ്യൊപ്പ് പതിപ്പാനായില്ലെങ്കില്‍ അത് നമ്മുടെ മാത്രം പരാജയമാണ്. ഇല്ലായ്മകളിലേക്ക് നോക്കിയിരിക്കാതെ ഈശ്വരന്‍ നല്‍കിയതിനെ ഉപയോഗപ്പെടുത്തുക. അനുഗ്രഹങ്ങളില്‍ നന്ദിയുള്ളവനാകുക .ചരിത്രം വായിച്ച് രസിക്കുന്നതിലും പഠിക്കുന്നതിലും അഭികാമ്യം സ്വയമൊരു ചരിത്രം സൃഷ്ടിക്കുന്നതിലാണ്. ഓരോ കുഞ്ഞു ജീവിതങ്ങളിലുമുണ്ട് മഹാവിജയത്തിന്റെ പ്രവാഹം. തെറ്റായ മനോഭാവങ്ങള്‍ കൊണ്ട് നാമതിനെ അണകെട്ടി തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. ഇച്ഛാശക്തികൊണ്ട് നമുക്കാ പ്രവാഹത്തെ ഒഴുക്കിവിടാം. മനോഭാവങ്ങള്‍ ശുഭകരമാക്കി അതിന് നാം വഴിയൊരുക്കണം. ഇന്നുതന്നെ നിങ്ങള്‍ ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കുക.സ്വപ്നങ്ങള്‍ കണ്ടുതുടങ്ങുക. ഒരാള്‍ക്ക് സാധ്യമാണെങ്കില്‍ മറ്റുള്ളവര്‍ക്കുമത് കഴിയും. നാം തയ്യാറാകണമെന്നു മാത്രം. വ്യത്യസ്ത കാര്യങ്ങള്‍ ചെയ്തിട്ടല്ല വിജയിക്കുന്നത്. മറിച്ച് കാര്യങ്ങളെ വ്യത്യസ്തമായി ചെയ്തിട്ടാണ്. ( മാധ്യമപ്രവര്‍ത്തകനും ,അധ്യാപകനും ,ഹിപ്പ്‌നോട്ടിക്കല്‍ കൗണ്‍സിലറും ,മൈന്റ് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍. 9946025819 )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)