സിസിലിയുടെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം; മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കില്‍ അറുപത്തിരണ്ടാം വയസ്സില്‍ 5 കിലോമീറ്റര്‍ നടത്തത്തിലും 100 മീറ്റര്‍ ഓട്ട മത്സരത്തിലും ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം സിസിലി ജീവിക്കാന്‍ തെരുവില്‍ പത്രങ്ങള്‍ വില്‍ക്കുന്നു

prayar gopalakrishnan,sabarimala,pampa river
തൃശ്ശൂര്‍: സിസിലി വിന്‍സെന്റ് ഒരു പേരല്ല. കേരളത്തിലെ കോടിക്കണക്കിന് വരുന്ന സ്ത്രീകളുടെ ഒരു പ്രതിനിധിയാണിന്ന്. എല്ലാം ഉണ്ടായിട്ടും ഒറ്റപ്പെട്ടുപോകുകയും ജീവിക്കാന്‍ ആരുടെയും സഹായത്തിന് കാത്തു നില്‍ക്കാതെ അധ്വാനിക്കുകയും ചെയുന്ന സിസിലിയുടെ പെണ്‍കരുത്തിന്റെ മുഖം കാപട്യങ്ങളോ മേക്കപ്പോ ഇല്ലാതെ കാണിച്ചുതരുന്നു. നമുക്ക് ചുറ്റും ഇത്തരത്തില്‍ എത്രയോ സിസിലിമാരുണ്ട്. പക്ഷെ നാം കാണാറില്ല. കാണിക്കാന്‍ ഒരു ചാനലുകാരും അവരെ തേടിയെത്താറില്ല. തൃശൂര്‍ നഗരത്തിലെ കടകളിലും തെരുവുകളിലും കയറിയിറങ്ങി ഒരു ബാഗും തൂക്കി ന്യൂസ് പേപ്പര്‍ വിറ്റാണ് സിസിലി ജീവിക്കുന്നത്. അതാണവരുടെ വരുമാനം. 20 വര്‍ഷം മുമ്പ് മരണപ്പെട്ടുപോയ ഭര്‍ത്താവ് വിന്‍സെന്റിന്റെ ഓര്‍മകളുടെ കരുത്തില്‍ ഒറ്റക്ക് മക്കളുടെയൊന്നും തുണയില്ലാതെ നഗരത്തിനടുത്ത് പട്ടിക്കാട്ട് ജീവിക്കുന്നു. ഷിംലയില്‍ മാസ്‌റ്റേഴ്‌സ് അത് ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എംഎഎഫ്‌ഐ) സംഘടിപ്പിച്ച മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്ക് ദേശീയ മത്സരത്തില്‍ ഇത്തവണ രണ്ട് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവുമാണ് സിസിലിക്ക്. ചാംപ്യന്‍ ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചാണ് സിസിലി പങ്കെടുത്തത്. 5 കിലോമീറ്റര്‍ നടത്തത്തില്‍ ഒന്നാം സ്ഥാനം. നൂറ് മീറ്റര്‍ ഓട്ടത്തിലും ഒന്നാം സ്ഥാനം തന്നെ. ഇരുന്നൂറ് മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് കേരളത്തിന്റെ അഭിമാനമായി സിസിലി പെണ്‍കരുത്തിന്റെ പുതിയ ഭാഷ്യം രചിച്ചത്. ഇതാദ്യമായല്ല സിസിലി ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ പത്ത് കൊല്ലമായി തുടര്‍ച്ചയായി സിസിലി ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. യാത്രാ ചെലവും പരിശീലനത്തിനും വലിയൊരു തുക ചെലവ് വേണ്ടിവരും. ആരും സ്‌പോണ്‍സര്‍ ചെയ്യാനില്ലെങ്കിലും പത്രം വിറ്റ് കിട്ടുന്ന കാശ് മിച്ചം വെച്ച് സിസിലി മുടങ്ങാതെ ആവേശത്തോടെ മത്സരത്തിനെത്തും . 28 സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുത്ത ദേശീയ മത്സരത്തിലെ ദേശീയ ചാംപ്യന്‍ ആരോടും പരിഭവങ്ങളില്ലാതെ ഇന്നലെയും തൃശൂര്‍ നഗരത്തില്‍ പത്രക്കെട്ടുകളുമായി കടകളില്‍ നിന്ന് കടകളിലേക്ക് നടന്നു നീങ്ങി. കഴിഞ്ഞ പത്ത് കൊല്ലമായി ദേശീയ ചാംപ്യന്‍ഷിപ്പില്‍ ആദ്യത്തെ മൂന്ന് സ്ഥാനം സിസിലിക്കുണ്ട്. ഇത്തവണ രണ്ട് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ലഭിച്ച ആഹ്ലാദത്തിലാണ് സിസിലി. 35 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വ്യത്യസ്ത കാറ്റഗറിയിലായി അത് ലറ്റിക്ക് മത്സരം ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന മത്സരത്തിലെ വിജയത്തോടെയാണ് സിസിലി ദേശീയ മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ടത് . മകന്‍ മാര്‍ട്ടിന്‍ സ്വന്തം കുടുംബവുമൊന്നിച്ച് മറ്റൊരിടത്താണ്. മകള്‍ ഷൈജിയും കുടുംബമായി പ്രാരാബ്ധമായി. ആരുടെയും സഹായത്തിന് സിസിലി കാത്തുനില്‍ക്കാറില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി മക്കളുമായി ബന്ധമില്ലന്നതാണ് സത്യം. എന്നാലും സിസിലിക്ക് പരാതിയില്ല. ഒറ്റക്ക് ജീവിക്കാനുള്ള കരുത്തും ശേഷിയും തന്നില്‍ മരണം വരെ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസം സിസിലിക്കുണ്ട്. തൃശൂര്‍ നഗരത്തിലെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ കൈയ്യിലൊരു പത്രവുമായി നിങ്ങള്‍ക്കു മുന്നില്‍ എന്നേങ്കിലും ഇവരെ കാണാം. ഓര്‍ക്കുക ഇവരൊരു ദേശീയതാരമാണെന്ന്. ഉറ്റവരും ഉടയവരും കൈയ്യൊഴിഞ്ഞ കേരളത്തിന്റെ അഭിമാന താരമാണെന്ന്. അഭിനന്ദങ്ങള്‍ മതിയാകില്ല ഇവരുടെ വിജയത്തിളക്കത്തിന് പകരം വെക്കാന്‍. (ഫഖ്‌റുദ്ധീന്‍ പന്താവൂര്‍)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)