മനസ്സിന്റെ സൗന്ദര്യം തിരിച്ചറിയുമ്പോഴാണ് ജീവിതം മനോഹരമാകുന്നത്

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ മനസ്സിന്റെ സൗന്ദര്യം തിരിച്ചറിയാതെ കര്‍മ്മങ്ങളെ മാത്രം പരിഗണിക്കുന്ന പ്രവണതയാണ് ജീവിതത്തിന്റെ സൗന്ദര്യം ചോര്‍ത്തിക്കളയുന്നത്. ശരീരത്തിന്റെ പിറകെ പായുന്നവര്‍ക്ക് ആത്മാവിന്റെ ഭാഷയും മനോഹാരിതയും തിരിച്ചറിയില്ല. അവര്‍ ലോകത്ത് വൈരുദ്ധ്യങ്ങളെ കണ്ട് അസ്വസ്ഥരാകുന്നു. വൈവിദ്ധ്യങ്ങളിലെ ഈശ്വരീയതയവര്‍ക്ക് തിരിച്ചറിയാതെ പോകുന്നു. കര്‍മ്മങ്ങള്‍ക്കല്ല യഥാര്‍ത്ഥത്തില്‍ പ്രാധാന്യം മറിച്ച് ഖല്‍ബിലെ മുഹബ്ബത്തിനാണ്. അത് തിരിച്ചറിയലാണ് ജീവിതം. ജീവിതത്തിലായാലും മതവിശ്വാസത്തിലായാലും എല്ലാവരും കര്‍മ്മങ്ങളുടെ പിന്നാലെ പായുന്നു. ഖല്‍ബിലെ വിശ്വാസവും മുഹബ്ബത്തും അതാരും പരിഗണിക്കില്ല. സൂഫികള്‍ പറയുന്നത് കര്‍മ്മങ്ങളേക്കാള്‍ ഈശ്വരന്‍ പരിഗണിക്കുക ഖല്‍ബിലെ വിശ്വാസത്തേയാണന്നാണ്. മനസ്സിലെ സ്‌നേഹം അത് മതി ഒരാള്‍ക്ക് ആത്മാവില്ലാത്ത കര്‍മ്മങ്ങളേക്കാള്‍. നമ്മുടെ പ്രവര്‍ത്തികള്‍ നന്നായാല്‍ ജനം നല്ലത് പറയും. മിക്കപ്പോഴുമൊക്കെ ഈ അഭിപ്രായം കേള്‍പ്പിക്കാന്‍ വേണ്ടി മാത്രം നല്ലവരായി നടിക്കുന്നവരുമുണ്ട്. യാന്ത്രികമായ കര്‍മ്മങ്ങളെ നന്മയുടെ വിളക്കുമാടമായി തെറ്റിദ്ധരിച്ചതാണ് കുഴപ്പമായത്. അടയാളങ്ങള്‍ക്ക് മാര്‍ക്കിടാനാണ് കാഴ്ചക്കാര്‍ക്ക് സൗകര്യം. ഖല്‍ബിലെ പ്രണയമോ സ്‌നേഹമോ വിശ്വാസമോ മുഹബ്ബത്തോ കാണാന്‍ കഴിയുന്നില്ല. ശ്രമിക്കുന്നില്ല എന്നതാണ് സത്യം. നിത്യജീവിതത്തില്‍ അപരന്റെ കര്‍മ്മങ്ങളെ നോക്കി നാം വിധികല്‍പ്പിക്കുന്നു. അയാള്‍ നല്ലവനെന്നോ ചീത്തവനെന്നോ എന്നൊക്കെ. മനസ്സ് തിരിച്ചറിയാന്‍ ശ്രമിക്കാത്ത ഇത്തരം വിധികല്‍പ്പിക്കലുകളാണ് ജീവിതത്തിന്റെ പരാജയം. നല്ല സൗഹൃദങ്ങളെ തിരിച്ചറിയാതെ പോകുന്നതും ഇക്കാരണം കൊണ്ടുതന്നെ. ഖലീല്‍ ജിബ്രാന്‍ ഒരിക്കല്‍ സൗന്ദര്യത്തിന്റെയും വൈരൂപ്യത്തിന്റെയും കഥ പറഞ്ഞിരുന്നു. രണ്ടുപേരും ഉടയാടകള്‍ അഴിച്ചുവെച്ച് ലബനാന്‍ കടല്‍തീരത്ത് കുളിക്കാനിറങ്ങിയ കഥ. വൈരൂപ്യം വേഗം കുളി കഴിഞ്ഞ് സൗന്ദര്യത്തിന്റെ ഉടയാടകള്‍ അണിഞ് ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു. പാവം സൗന്ദര്യം കുളി കഴിഞ്ഞപ്പോള്‍ കണ്ടത് തന്റെ സ്വന്തം ഉടയാടകള്‍ നഷ്ടപ്പെട്ടതാണ്. ഒടുവില്‍ വൈരൂപ്യത്തിന്റെ ഉടയാടകള്‍ എടുത്തണിഞ്ഞ് വൈരൂപ്യത്തെ തേടിയിറങ്ങി. പിന്നീടൊരിക്കലും ഇവര്‍ കണ്ടുമുട്ടിയില്ല ഇന്നും. പുറമെ കാണുന്ന സൗന്ദര്യം കണ്ട് പലരും അതിന് പിന്നാലെ പായുന്നു. അതിന്റെയുള്ളിലെ വൈരൂപ്യം തിരിച്ചറിയുന്നില്ല. പാവം സൗന്ദര്യം പുറമെയുള്ള വൈരൂപ്യം കണ്ട് ആളുകള്‍ അകന്നുപോവുകയാണ്. മനസ്സിലെ സൗന്ദര്യം തിരിച്ചറിയുംവരെ. നമ്മുടെയൊക്കെ നിത്യജിവിതത്തിലും ഇതൊക്കെത്തന്നെയാണ് നടക്കുന്നത് .പുറമെ കാണുന്ന കര്‍മ്മങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത് .മനസ്സ് കാണാന്‍ ശ്രമിക്കുന്നില്ല .ഉള്ളിലെ സൗന്ദര്യത്തിലാണ് സത്യം ഒളിച്ചിരിക്കുന്നത് .അതുകാണാന്‍ ആര്‍ക്കുമാവുന്നില്ല. ജീവിതത്തില്‍ പലപ്പോഴും സങ്കപ്പെടുന്നത് ഈ തിരിച്ചറിയല്‍ ഇല്ലാതെ വരുമ്പോഴാണ്.എന്നെ ആരും മനസ്സിലാക്കിയില്ല എന്ന് പലരും പരിഭവിക്കുന്നത് കാണാം. ഒരിക്കല്‍ മഹാസൂഫി ഗുരു മരിച്ചു .ദിവസങ്ങള്‍ക്കു ശേഷം ശിഷ്യര്‍ അദ്ധേഹത്തെ കിനാവ് കണ്ടു. സ്വര്‍ഗത്തിലെ ഉന്നത സ്ഥാനത്ത് എത്തിയ ഗുരുവിനോട് അതിന് കാരണമായ ആരാധനകള്‍ എന്തൊക്കെയാണെന്ന് ശിഷ്യര്‍ ചോദിച്ചറിഞ്ഞു. സൂഫിഗുരു പറഞ്ഞു 'എന്റെ ആരാധനകളൊന്നും ദൈവം പരിഗണിച്ചതേയില്ല. പകരം ഒരിക്കല്‍ ഒരു ഗ്രന്ഥരചനാ വേളയില്‍ എന്റെ പേനത്തുമ്പില്‍ പറന്നിറങ്ങിയ ഒരു ഈച്ച കനത്ത ദാഹം കൊണ്ടാവണം മഷി കുടിക്കാന്‍ തുടങ്ങി. ഞാന്‍ പേന അനക്കിയതേയില്ല. ദാഹം തീരോളം കുടിക്കട്ടെ എന്ന് കരുതി. ആ ഈച്ചയോട് കാണിച്ച സന്മനസ്സാണ് എന്നെ സ്വര്‍ഗത്തിലെത്തിച്ചത് ' നോക്കൂ നല്ല മനസ്സുകള്‍ക്കെ ഇത് ചെയ്യാനൊക്കൂ. കരുണയും സ്‌നേഹവും മുഹബ്ബത്തും പ്രണയവും ഉള്ള മനസ്സുകള്‍ക്ക് .അവര്‍ക്ക് എല്ലാത്തിലും നന്മ കാണാന്‍ കഴിയുന്നു. നിത്യജീവിതത്തില്‍ ഹൃദയങ്ങളുടെ കൈമാറ്റം നടക്കുന്നില്ല. എല്ലാ ബന്ധങ്ങളും യാന്ത്രികമായി മാറി .കോടികള്‍ സമ്പാദിച്ചിട്ടും മനസ്സിന് സന്തോഷം ലഭിക്കുന്നില്ലെങ്കില്‍ പിന്നെന്തിന് ഈ ജീവിതം ? മനസ്സിന്റെ സൗന്ദര്യം തിരിച്ചറിയാനും അത് ആസ്വദിക്കാനുമുള്ള ഖല്‍ബ് ഉണ്ടാവണം. അതിന് ആദ്യം വേണ്ടത് കര്‍മ്മങ്ങള്‍ മാത്രം നോക്കി അപരനെ വിധികല്‍പ്പിക്കുന്നത് ഒഴിവാക്കുക എന്നതാണ് .പ്രപഞ്ചത്തിലൊക്കെയും സ്‌നേഹം കാണാന്‍ കഴിയാത്തവന് അത് തിരിച്ചറിയില്ല. ഒരിക്കല്‍ സൂഫി ഗുരു പറഞ്ഞു . 'സൂഫിസത്തിന്റെ കാതല്‍ സ്‌നേഹമാണ്. ആ സ്‌നേഹത്തില്‍ അനുസരണയുണ്ട് ... കരുണയുണ്ട് എല്ലാമുണ്ട്. പ്രപഞ്ചത്തിലൊക്കെയും സ്‌നേഹം കാണാന്‍ കഴിയാത്തവന് സൂഫിയെ മനസ്സിലാകില്ല ' ജീവിതത്തിലെ ഓരോ നിമിഷത്തിലും മനസ്സിന്റെ സൗന്ദര്യം കാണാന്‍ ശ്രമിക്കുക. ടെന്‍ഷനാ വിഷമങ്ങളോ ദുരിതത്തിലാക്കാത്ത മനോഹരമായൊരു ജീവിതം തിരികെ ലഭിക്കും . (മാധ്യമപ്രവര്‍ത്തകനും ,അധ്യാപകനും ,സൈക്കോളജിസ്റ്റുമാണ് ലേഖകന്‍. 9946025819)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)