മുഹമ്മദ് ഫര്‍ഹാന്‍: കാഴ്ച പരിമിതരുടെ ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലെത്തിയ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ മലപ്പുറം: മുഹമ്മദ് ഫര്‍ഹാന്‍ ഇന്ന് വെറുമൊരു പേരല്ല. നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് പകരുന്ന, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാക്കിയ റിയല്‍ ഹീറോയാണ്. കാഴ്ചപരിമിതരുടെ ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലെത്തിയ മലപ്പുറം നിലമ്പൂരുകാരനായ മുഹമ്മദ് ഫര്‍ഹാന്‍ തടസ്സങ്ങളെ കരുത്താക്കി മുന്നോട്ടുപോയി ലക്ഷ്യങ്ങള്‍ നേടിയവനാണ്. ജീവിതത്തില്‍ ഓരോ തടസ്സങ്ങളും ഓരോര്‍ത്തക്കുമുണ്ടാകും. പലരും അതിനുമുന്നില്‍ പൊരുതാതെ പിന്‍വാങ്ങുന്നു. ചിലരാകട്ടെ പൊരുതി പാതിവഴിയില്‍ പിന്മാറുന്നു. വിജയം കാണും വരെ തടസ്സങ്ങളെ ലക്ഷ്യത്തിലേക്കുള്ള വഴികളാക്കി മാറ്റിയതാണ് ഫര്‍ഹാന്റെ വിജയരഹസ്യം. വലതുകണ്ണിന് പൂര്‍ണമായ അന്ധത.. ഇടതുകണ്ണിന് നാല്‍പ്പതുശതമാനം അന്ധത. പിറന്നു വീണപ്പോള്‍ ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് പറഞ്ഞതാണിത്. കാഴ്ചശക്തി കൂട്ടാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ തകര്‍ന്നു പോയത് ഉമ്മയുടെയും ഉപ്പയുടെയും സ്വപ്നങ്ങളാണ്. കുഞ്ഞു ഫര്‍ഹാന്‍ ഇരുട്ടില്‍ നിറങ്ങള്‍ നെയ്‌തെടുത്ത് പരിഭവങ്ങളില്ലാതെ ജീവിക്കാന്‍ പഠിച്ചിരുന്നു. കാഴ്ചയില്ലാത്ത ലോകത്തുനിന്നും പഠിച്ച് ഉയരങ്ങളിലെത്തിയ ഈജിപ്തിലെ പ്രസിദ്ധ സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസ മന്ത്രിയുമായ ത്വാഹാ ഹുസൈന്റെ കഥകള്‍ കേട്ട് വളര്‍ന്ന ഫര്‍ഹാന് നിശ്ചയദാര്‍ഢ്യം കരുത്തിന്റെ കാഴ്ചകള്‍ നല്‍കി. മങ്കട വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലെ പഠനകാലമാണ് ഫര്‍ഹാനിലെ സ്വപനങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കിയത്. ക്രിക്കറ്റിന്റെ ആരവങ്ങളില്‍ പുതിയ ലോകം തീര്‍ത്ത ഫര്‍ഹാനെ അധ്യാപകരും കൂട്ടുകാരും പിന്തുണയേകി. സ്‌കൂള്‍ ടീമിലൂടെ ജില്ലാ ടീമിലേക്ക്. മികച്ച പ്രകടനം സംസ്ഥാന ടീമിലെത്തിച്ചു. ആഗ്രഹങ്ങള്‍ക്ക് കാഴ്ചയൊരു തടസ്സമെല്ലെന്ന് ഫര്‍ഹാന്‍ തിരിച്ചറിഞ്ഞു. മനസ്സിന്റെ ലോകത്ത് കുറിച്ചിട്ട സ്വപ്നങ്ങളുടെ ചിറകുകള്‍ ഇന്ത്യന്‍ ടീമിന്റെ രൂപത്തില്‍ യാഥാര്‍ത്ഥ്യമായി. ഫര്‍ഹാന്റെ മിന്നുന്ന പ്രകടനങ്ങള്‍ പലതവണ ദേശിയമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. 2009 മുതലാണ് ഫര്‍ഹാന്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. 2014 ഏപ്രിലില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ഈ മിടുക്കന്‍ ആസ്‌ത്രേലിയക്കെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 2016 ഡിസംബര്‍ 21 നാണ് ഫര്‍ഹാനിനെ കാഴ്ചാപരിമിതരുടെ ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തത് . മുഹമ്മദ് ഫര്‍ഹാന്‍ എന്ന 23 കാരന്‍ മമ്പാട് എംഇഎസ് കോളേജില്‍ നിന്ന് എക്കണോമിക്‌സില്‍ ഡിഗ്രിയെടുത്ത് എടക്കരയില്‍ ഐസിഡിഎസ് പ്രോജക്ടില്‍ എല്‍ഡിസി ആയി ജോലി ചെയ്യുകയാണ്. കളിയിലെ മികവ് തന്നെയാണ് ഈയൊരു ജോലി ഫര്‍ഹാനെ തേടിയെത്തിയത് . ഒത്തിരി പ്രയാസങ്ങളെ അതിജീവിച്ചാണ് ഫര്‍ഹാന്‍ ഈ ഉയരങ്ങളിലെത്തിയത്. പഠനകാലത്ത് കളിച്ചു നടക്കുമ്പോള്‍ വഴക്കുപറയുന്ന രക്ഷിതാക്കള്‍ക്ക് ഫര്‍ഹാന്റെ ജീവിതത്തില്‍ നിന്ന് പലതും പഠിക്കാനുണ്ട് .കുട്ടിക്കാലത്തെ കളിതന്നെ ഒരാളുടെ ജീവിതത്തിന്റെ മേല്‍വിലാസമാക്കിമാറ്റിയിരിക്കുന്നു . കുട്ടിക്കാലത്ത് കൂട്ടുകാര്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ആരവങ്ങള്‍ മാത്രം കേട്ട് കളിച്ചവന്‍. കളി ' കണ്ടത് ' മനസ്സില്‍.. ഒരു വാശിയായിരുന്നു ജീവിതത്തില്‍ .കളിച്ചു തന്നെ നേടുമെന്ന്. കളിക്കുന്ന മക്കളെ വഴക്ക് പറയരുത്,പ്രോത്സാഹിപ്പിക്കണം . ആറു മക്കളാണ് ഫര്‍ഹാന്റെ കുടുംബത്തില്‍. മൂന്നു സഹോദരിമാരുടെ കല്യാണം കഴിഞ്ഞു. മകന്റെ ജീവിതവിജയം സ്വര്‍ഗത്തിലിരുന്ന് കാണുകയാണ് ഉമ്മ. ഇപ്പോള്‍ ഉപ്പയും രണ്ട് അനുജന്മാരും ഫര്‍ഹാനും മാത്രമാണ് വീട്ടില്‍. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ ഇത്തിരി കിട്ടുന്ന കാഴ്ചയിലാണ് ഫര്‍ഹാന്റെ വലിയ ലോകം . ആരോടും പരാതിയോ പരിഭവങ്ങളോ പറയാന്‍ ഫര്‍ഹാനില്ല . പന്തിന്റെ വേഗതയും ദിശയും മനസ്സില്‍ കണ്ടാണ് ഫര്‍ഹാന്റെ കളി. അത് പിഴക്കാറില്ല. മൊത്തം ഇരുട്ടില്‍ ഒരു നുറുങ്ങായി വെളിച്ചം .അതില്‍ പന്തിന്റെ മൂളല്‍ ഫര്‍ഹാന് കേള്‍ക്കാം . ഓസീസിനെതിരെ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ കൊച്ചി സ്‌റ്റേഡിയത്തിലെ ആരവങ്ങളില്‍ മുഴങ്ങിക്കേട്ടത് കുട്ടിക്കാലത്ത് തൊടിയില്‍ കൂട്ടുകാര്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ കേട്ട അതേ ശബ്ദങ്ങള്‍ തന്നെ . അയല്‍വാസിയും കൂട്ടുകാരിയുമായ പെണ്‍കുട്ടിയുമായുള്ള വിവാഹം ഉറപ്പിച്ച ഫര്‍ഹാനിപ്പാള്‍ പുതിയ ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങള്‍ മെനഞ്ഞുകൂട്ടുകയാണ്. ജീവിതത്തില്‍ ഉയരങ്ങളില്‍ എത്തുന്നവര്‍ ഒത്തിരി തടസ്സങ്ങളെ ലക്ഷ്യങ്ങളിലേക്കുള്ള വഴികളാക്കിയവരാണെന്ന് ഫര്‍ഹാന്‍ നമ്മെ പഠിപ്പിക്കുന്നു . (മാധ്യമപ്രവര്‍ത്തകനും ,അധ്യാപകനും , സൈക്കോളജിസ്റ്റുമാണ് ലേഖകന്‍ 9946025819 )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)