ഓട്ടിസം ബാധിച്ച കുരുന്നുകളെ ചേര്‍ത്തുപിടിച്ച് പാട്ടുപാടിയും താളം പിടിച്ചും മലയാളത്തിന്റെ വാനമ്പാടി ഗായിക കെഎസ് ചിത്ര; ഹൃദയ സ്പര്‍ശിയായി 'സ്പര്‍ശം ഓട്ടിസം' പരിപാടി

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച് പരിമിതികള്‍ നേരിടുന്നവര്‍ക്ക് ഒപ്പം പാട്ടുപാടിയും താളം പിടിച്ചും മലയാളത്തിന്റെ വാനമ്പാടി ഗായിക കെഎസ് ചിത്ര. സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യ സംഘടിപ്പിച്ച 'സ്പര്‍ശം ഓട്ടിസം' സംസ്ഥാന പ്രചാരണ ഉദ്ഘാടനവേദിയിലാണ് വിവിധ പരിമിതികള്‍ നേരിടുന്നവര്‍ക്കൊപ്പം കെഎസ് ചിത്രയും പാടിയത്. പരിമിതികള്‍ തങ്ങള്‍ക്ക് തടസ്സമല്ലെന്ന് തെളിയിച്ച് അനന്യയും സുകേഷ് കുട്ടനും രാകേഷ് രജനീകാന്തും പാടുമ്പോള്‍ അവര്‍ക്കൊപ്പം പാടിയും താളംപിടിച്ചും ഗായിക കെഎസ് ചിത്ര കൂടെ ചേര്‍ന്നപ്പോള്‍ സദസ്സ് ഒന്നടങ്കം കൈയടിച്ചു. അമ്മയെ കെട്ടിപ്പിടിച്ച് അനന്യ പാടിത്തുടങ്ങിയപ്പോള്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് അവരെ ചേര്‍ത്തുപിടിച്ച് മലയാളത്തിന്റെ വാനമ്പാടിയും കൂടെ പാടി. ഓട്ടിസംമൂലം പ്രയാസം അനുഭവിക്കുന്നവരെ ഒറ്റപ്പെടുത്താതെ അവരെ ഉള്‍ക്കൊള്ളാന്‍ സമൂഹം മുന്നോട്ടു വരണമെന്ന സന്ദേശവുമായാണ് സ്പര്‍ശം ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ചടങ്ങ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു. കെഎസ് ചിത്ര, ഫാദര്‍ തോമസ് ഫെലിക്‌സ്, പി തങ്കമണി, സി മുഹമ്മദ് മുസദിക്, എസ് ഗോപീകൃഷ്ണന്‍ എന്നിവര്‍ക്ക് അദ്ദേഹം ഉപഹാരം നല്‍കി. ഡോ. മിനി കുര്യന്‍ അധ്യക്ഷയായി. മേയര്‍ വി കെ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. കൌണ്‍സിലര്‍ പാളയം രാജന്‍, ഡോ. പി എ മുഹമ്മദ്കുഞ്ഞ് എന്നിവര്‍ സംസാരിച്ചു. കെ എസ് ചിത്ര തീംസോങ് പാടി. സാം എബ്രഹാം സ്വാഗതവും ബ്രഹ്മനായകം മാഹാദേവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംഗീതസായാഹ്നം നടന്നു. 'കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍ ചേരും ഓടക്കുഴലിന്റെ ഉള്ളില്‍...' എന്ന പാട്ടുമായി ചിത്രയെത്തി. അനന്യ, സുകേഷ് കുട്ടന്‍, രാകേഷ് രജനീകാന്ത്, ഗിരീഷ് ബാബു എന്നിവരും ഗാനങ്ങള്‍ പാടി സദസ്സിന്റെ ശ്രദ്ധാകേന്ദ്രമായി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)