നാണംകെട്ട് ലങ്ക; ഇന്ത്യയോടുള്ള ദയനീയ തോല്‍വിക്ക് പിന്നാലെ ലോകകപ്പിനുള്ള യോഗ്യതയും നഷ്ടം

ന്യൂഡല്‍ഹി: നാലാം ഏകദിനത്തിലും ഇന്ത്യയോട് അടിയറവ് പറഞ്ഞതോടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. ഇന്ത്യയുമായുള്ള ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ തോല്‍വികള്‍ ശ്രീലങ്കയ്ക്ക് 2019ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ നേരിട്ടുള്ള പ്രവേശനത്തിന് യോഗ്യത നഷ്ടമാക്കി. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയില്‍ നാല് കളികളിലും ലങ്ക ദയനീയമായി പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന നാലാം ഏകദിനത്തില്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ശ്രീലങ്കയെ 168 റണ്‍സിന് തോല്‍പിച്ചിരുന്നു. സ്വന്തം മണ്ണില്‍ നടന്ന ടെസ്റ്റ്-ഏകദിന പരമ്പരയില്‍ ഒരു കളിയില്‍ പോലും ജയിക്കാനാകാത്തതും ഹോംഗ്രൗണ്ടിലെ തുടര്‍ച്ചയായ രണ്ടാം പരമ്പര തോല്‍വിയുമാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഹോം ഗ്രൗണ്ടില്‍ ഇത്രയും വലിയ തോല്‍വി(കൂടുതല്‍ റണ്ണിന്) ഏറ്റുവാങ്ങുന്നത് ആദ്യമാണ്. നേരത്തെ ഇന്ത്യയോടു തന്നെ കൊളംബോയില്‍ നടന്ന മത്സരത്തില്‍ 147 റണ്‍സിന് പരാജയപ്പെട്ട റെക്കോര്‍ഡാണ് ഇപ്പോള്‍ തിരുത്തപ്പെട്ടത്. 1996ല്‍ ലോകകപ്പ് ചാമ്പ്യന്‍മാരായ ശ്രീലങ്കയ്ക്ക ഇന്ത്യയുമായുള്ള പരമ്പരയില്‍ രണ്ട് കളികളിലെ വിജയം അനിവാര്യമായിരുന്നു. ഞായറാഴ്ച നടക്കുന്ന അഞ്ചാം ഏകദിനം വിജയിച്ചാലും 88 പോയിന്റ് മാത്രമെ ലങ്കയ്ക്ക് ലഭിക്കുകയുള്ളു. ഇത് ലോകകപ്പിലേക്ക് നേരിട്ട് പ്രവേശനം നേടാന്‍ പര്യാപ്തവുമല്ല. വരാനിരിക്കുന്ന അയര്‍ലാന്‍ഡുമായുള്ള മത്സരത്തിലും ഇംഗ്ലണ്ടുമായുള്ള അഞ്ച് ഏകദിന പരമ്പരയിലും വിജയം കണ്ടെത്തിയാല്‍ മാത്രമെ ശ്രീലങ്കയ്ക്ക് ലോകകപ്പ് സാധ്യതകള്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)