ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ് ആദ്യ സെഞ്ച്വറി അഞ്ചു പടുകൂറ്റന്‍ സിക്‌സറുകളോടെ സഞ്ജു 100 തികച്ചത് 62 പന്തില്‍

prayar gopalakrishnan,sabarimala,pampa river
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി താരം സഞ്ജു സാംസണ് ആദ്യ സെഞ്ച്വറി. പൂനെയ്‌ക്കെതിരായ മത്സരത്തിലാണ് സെഞ്ച്വറി. തകര്‍പ്പന്‍ സെഞ്ചുറിയുമായി കളം നിറഞ്ഞ സഞ്ജുവിന്റെ മികവില്‍ പുണെയ്‌ക്കെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് മികച്ച സ്‌കോര്‍. ഐപിഎലിലെ തന്റെ കന്നി സെഞ്ചുറി കുറിച്ച സഞ്ജുവിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടിയത് സീസണിലെ ഉയര്‍ന്ന സ്‌കോറായ 205 റണ്‍സ്. 62 പന്തില്‍ എട്ടു ബൗണ്ടറിയും അഞ്ചു പടുകൂറ്റന്‍ സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ഐപിഎലില്‍ സഞ്ജുവിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. അവസാന ഓവറുകളില്‍ വമ്പനടികളുമായി കളം നിറഞ്ഞ ക്രിസ് മോറിസാണ് (ഒന്‍പത് പന്തില്‍ 38) ഡല്‍ഹി സ്‌കോര്‍ 200 കടത്തിയത്. ഋഷഭ് പന്ത് 22 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായി. പുണെയ്ക്കായി താഹിര്‍, സാംപ, ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഈ ഐപിഎല്‍ സീസണിലെ ഇതുവരെയുള്ള ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് സഞ്ജുവിന്റെ 102. ഈ സീസണില്‍ ഒരു ടീം 200 കടക്കുന്നതും ആദ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടേത് മോശം തുടക്കമായിരുന്നു. മികച്ച രീതിയില്‍ പന്തെറിഞ്ഞ പുണെ ബോളര്‍മാരെ നേരിടാന്‍ ഡല്‍ഹി ഓപ്പണര്‍മാരായ ആദിത്യ താരെയും സാം ബില്ലിങ്‌സും വിഷമിച്ചു. അശോക് ഡിന്‍ഡ എറിഞ്ഞ ആദ്യ ഓവറില്‍ അവര്‍ക്കു നേടാനായത് രണ്ടു റണ്‍സ് മാത്രം. രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ ചാഹറിന് വിക്കറ്റ് സമ്മാനിച്ച് ആദിത്യ താരെ കൂടാരം കയറിയതോടെയാണ് സഞ്ജു കളത്തിലിറങ്ങിയത്. അഞ്ചു പന്തുകള്‍ നേരിട്ട താരെ റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. കളത്തിലെത്തിയതു മുതലേ തകര്‍ത്തടിച്ച സഞ്ജു, പുണെ ബോളര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ടു. ഓവറില്‍ ശരാശരി രണ്ടു ബൗണ്ടറി എന്ന ലൈനില്‍ മുന്നേറിയ സഞ്ജു അല്‍പം മയപ്പെട്ടത് സ്പിന്നര്‍മാരുടെ വരവോടെ. എന്നാല്‍, അര്‍ധസെഞ്ചുറി കടന്നതോടെ വീണ്ടും ഗിയര്‍ മാറ്റിയ സഞ്ജു അതിവേഗം സെഞ്ചുറിയിലേക്കെത്തി. ആദം സാംപയെറിഞ്ഞ 19ാം ഓവറിന്റെ ആദ്യ പന്തില്‍ തകര്‍പ്പനൊരു സിക്‌സോടെ സെഞ്ചുറി കടന്ന സഞ്ജു, തൊട്ടടുത്ത പന്തില്‍ പുറത്തായി. രണ്ടാം വിക്കറ്റില്‍ സാം ബില്ലിങ്‌സിനൊപ്പം 69 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഞ്ജു, മൂന്നാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം 53 റണ്‍സ് കൂട്ടുകെട്ടും തീര്‍ത്തു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)