ദാമ്പത്യം തകരാതിരിക്കാന്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ആറുകാര്യങ്ങള്‍

ചെറിയ ചെറിയ പിണക്കങ്ങള്‍ പോലും വേര്‍പിരിയലില്‍ കലാശിക്കുന്ന ഇന്നത്തെ കാലത്ത് നിങ്ങളുടെ ദാമ്പത്യ ബന്ധം പ്രണയപൂര്‍വം മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. രണ്ട് വ്യക്തികള്‍ ഒന്നാകുമ്പോള്‍ രണ്ട് ചിന്താഗതികളും രണ്ട് ജീവിതശൈലിയുമെല്ലാം ഒരുപോലെ കൊണ്ട് പോകാന്‍ വളരെ ശ്രദ്ധ നല്‍കണം. തുടക്കത്തില്‍ നിങ്ങള്‍ നിങ്ങളെ തന്നെ പൂര്‍ണമായി പങ്കാളിക്ക് മുന്നില്‍ അവതരിപ്പിക്കില്ലായിരിക്കാം. പക്ഷെ പിന്നീട് തനിസ്വഭാവം പുറത്തുവന്നു തുടങ്ങും. ഇതു തെറ്റല്ല, നിങ്ങള്‍ ജെനുവിന്‍ ആണ് എന്നതുകൊണ്ട് തന്നെയാണ്. പക്ഷെ അമിതമായാല്‍ അമൃതും വിഷമെന്നു പറയുന്നത് പോലെ പരസ്പരം സഹിക്കുന്നതിലുമപ്പുറമായി കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ ദാമ്പത്യം തകരും. ഇതാ നിങ്ങളുടെ ദാമ്പത്യം തകരാതിരിക്കാന്‍ ഈ ആറുകാര്യങ്ങള്‍ ശ്രദ്ധിക്കണം. പുതുമയോടെ കാക്കാം ദാമ്പത്യം; എപ്പോഴും പങ്കാളിയുമായി ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളെ ബോറടിപ്പിക്കും. ആദ്യം തന്നെ മനസില്‍ ഉറപ്പിക്കുക. നിങ്ങള്‍ ജീവിത കാലം മുഴുവന്‍ ജീവിക്കുന്നത് ഈ പങ്കാളിയുമായിട്ടാണ്. അയാള്‍ അവിടെ തന്നെയുണ്ടാകും. നിങ്ങള്‍ക്ക് നിങ്ങളുടേതും അയാള്‍ക്ക് അയാളുടേതുമായ സ്‌പെയ്‌സ് ഉണ്ടാകണം. എല്ലായിടത്തും ഒരുപോെല ഭര്‍ത്താവുമായി തന്നെ പോകണമെന്നോ അല്ലെങ്കില്‍ അയാള്‍ തന്നെ കൂട്ടാതെ മറ്റൊരിടത്തും പോകരുതെന്നോ വാശിപിടിക്കരുത്. നിങ്ങള്‍ എന്നും രണ്ട് വ്യക്തികളും അതേ സമയം ഒന്നായവരുമാകണം. നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചിലവഴിക്കണം. അത് പോലെ പങ്കാളിക്കും അവസരം നല്‍കുക. എന്നും കൂടെ താമസിക്കുന്ന പങ്കാളിയെങ്കില്‍ ഇടയ്ക്ക് പങ്കാളിക്കൊപ്പമല്ലാതെ താമസിക്കണം. അത് പോലെ തന്നെ എല്ലാ കാര്യങ്ങളും എപ്പോഴും സംസാരിച്ച് ബോറടിപ്പിക്കരുത്. പ്രണയത്തിലെന്ന പോലെ അല്‍പ്പം സസ്‌പെന്‍സ് ഒക്കെ ആകാം. അത്തരം കാര്യങ്ങള്‍ ബന്ധങ്ങളിലെ പുതുമ നിലനിര്‍ത്തും. ആരും പൂര്‍ണരല്ല, പങ്കാളിയും; ദാമ്പത്യത്തിന്റെ ആദ്യ കാലഘട്ടം ഹണിമൂണ്‍ പിരീഡ് എന്ന പേര് പോലെ മധുരതരമാകാം. പിന്നീട് പുളിപ്പും ചവര്‍പ്പും നിറയ്ക്കാതെ നോക്കാന്‍ നിങ്ങള്‍ തന്നെ ശ്രദ്ധിക്കണം. പങ്കാളികള്‍ കുടുംബജീവിതത്തിന്റെ ആദ്യ കാലഘട്ടത്തില്‍ നല്ല കാര്യങ്ങള്‍ മാത്രമാകും പറയുന്നതും പ്രവര്‍ത്തിക്കുന്നതും. അത് പോലെ തന്നെ നിങ്ങളും എന്നുകരുതി ബന്ധം മുന്നോട്ട് പോകുമ്പോള്‍ അത് അങ്ങനെ തന്നെ തുടരണം എന്ന് ഇരുവര്‍ക്കും വാശി പിടിക്കാനാകില്ല. രണ്ട് വ്യക്തികള്‍ക്കും പോരായ്മകളുണ്ട് എന്നു മനസിലാക്കല്‍ ആണ് ആദ്യപടി. മറ്റൊരുകാര്യം നിങ്ങള്‍ മറ്റൊരാളുമായി നിങ്ങളുടെ പങ്കാളിയെ ഒരിക്കലും താരതമ്യം ചെയ്യാന്‍ പാടില്ല എന്നതാണ്. ആരും പൂര്‍ണരല്ല എന്ന സത്യം മനസിലാക്കണം. എപ്പോഴും കൂടെയിരിക്കാന്‍ പറയല്ലേ; 'ഓരോ നിമിഷവും നിന്റെ കൂടെയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'. പ്രണയാതുരമാണ് വാക്കെങ്കിലും എപ്പോഴും പങ്കാളി ഒപ്പമുണ്ടാകണമെന്നു വാശിപിടിക്കരുത്. മാത്രമല്ല മറ്റുള്ളവരുമായി സംസാരിക്കുന്നതിനോ സമയം ചെലവഴിക്കുന്നതിനോ വിലക്കരുത്. ഒരാള്‍ അനാവശ്യമായി നിയന്ത്രിക്കുമ്പോഴാണ് ഏറ്റവും അരോചകമാകുന്നത് അത് തന്നെ ദാമ്പത്യത്തിലും. വിലക്കുകളും നിബന്ധനകളും കുറച്ചാല്‍ ദമ്പതികള്‍ക്കിടയിലെ വഴക്കുകള്‍ കുറയുെമന്ന് വിദഗ്ധര്‍ പറയുന്നു. ചര്‍ച്ചകള്‍ നല്ലത്; പരസ്പരം പറയേണ്ട പലകാര്യങ്ങളും തുറന്നു പറയാതിരിക്കുന്നതാണ് പല ബന്ധങ്ങള്‍ക്കിടയിലും വിള്ളലുകള്‍ വീഴ്ത്തുന്നത്. ചെറിയ ചെറിയ കാര്യങ്ങള്‍ പറയുന്നത് പങ്കാളിയെ വേദനിപ്പിക്കുമെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്. പക്ഷെ പറയേണ്ട ഗൗരവതരമായ കാര്യങ്ങളായാല്‍ പറയാതെ ഇരിക്കുന്നതാണ് വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്. തുടക്കത്തിലേ ചെറിയ തിരുത്തലുകള്‍ വരുത്തിയാല്‍ ജീവിതം നന്നായി മുന്നോട്ട് പോകും. പിന്നീട് ഏറെ വൈകിയെടുക്കുന്ന ചില തീരുമാനങ്ങളും ചര്‍ച്ചകളിലെ വ്യത്‌സതനിലപാടുകളും ബന്ധത്തെ തന്നെ ഉലയ്ക്കും. ആരോഗ്യകരമായ ചര്‍ച്ചകള്‍ ഏത് ബന്ധത്തിനും നല്ലതാണ്. പൂര്‍വകാല പ്രണയം കഴിഞ്ഞ കാലമാണ്; പങ്കാളിയുടെ കഴിഞ്ഞുപോയ കാലത്തെക്കുറിച്ചോ പൂര്‍വകാലത്തെ പ്രണയത്തെക്കുറിച്ചോ ഇടയ്ക്കിടയ്ക്ക് പറയരുത്. അത് നിങ്ങളോടുള്ള ബഹുമാനവും സ്‌നേഹവും കുറയ്ക്കും. വാക്തര്‍ക്കങ്ങള്‍ക്കിടയില്‍ ജയിക്കാനായി മുന്‍കാല പ്രണയനായികയോ നായകനോ നിങ്ങളിലേക്ക് കടന്നുവന്നാല്‍ ഓര്‍ക്കുക, അത് നിങ്ങളുടെ വില്ലനാകും. അത് പോലെ പിണക്കങ്ങളുണ്ടാകുമ്പോള്‍ വാശി കൊണ്ട് പഴയ പ്രണയങ്ങള്‍ തേടി പോകാനോ പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാനോ ശ്രമിക്കരുത്. നുണകള്‍ വേണ്ടേ വേണ്ട; സത്യസന്ധത തന്നെയാണ് ഏതൊരു ബന്ധത്തിനും അടിത്തറ. പങ്കാളി തെറ്റു ചെയ്താല്‍ പലരും ക്ഷമിക്കും, പക്ഷെ നുണ പറഞ്ഞാല്‍ ആണ് അത് വിശ്വാസ വഞ്ചന പോലെ കരുതപ്പെടുന്നത്. നുണകള്‍ ബന്ധങ്ങളെ ഇല്ലാതാക്കും. ചെറുതായാലും വലുതായാലും കള്ളം പറയാതെ സത്യസന്ധരായിരിക്കുന്നത് ദീര്‍ഘകാല ബന്ധങ്ങള്‍ക്ക്, അത് സൗഹൃദമായാലും പ്രണയമായാലും ദാമ്പത്യമായാലും വളരെ പ്രധാനമാണ്. (കടപ്പാട്; വനിത)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)