കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ മൂന്ന് പേര് പിടിയില്‍. ബിരുദ സര്‍ട്ടിഫിക്കറ്റുള്‍ ഹാജരാക്കിയ മൂന്ന് ഇന്ത്യന്‍ എഞ്ചിനീയര്‍മാരാണ് പിടിയിലായത്. പെട്രോളിയം മേഖലയില്‍ ജോലി ചെയ്തിരുന്ന രണ്ട് പേര് വിസ പുതുക്കാനായി അധികൃതരെ സമീപിച്ചപ്പോഴാണ് ആഭ്യന്തര മന്ത്രാലയം ഇവരെക്കുറിച്ച് അന്വേഷിച്ചത്.
അന്വേഷിച്ചപ്പോഴാണ് ഇവര്‍ക്ക് തൊഴില്‍ വിസ ലഭിക്കുന്നതിനാവശ്യമായ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയത്. കുവൈറ്റ് എഞ്ചിനിയേഴ്സ് സൊസൈറ്റിയില്‍ നിന്ന് മന്ത്രാലയം ഇവരുടെ ഫയല്‍ ആവശ്യപ്പെട്ടു. എന്നാല്‍ സൊസൈറ്റിയുടെ അംഗീകാരം തേടി ഇവര്‍ നേരത്തെ തങ്ങളെ സമീപിച്ചിരുന്നെങ്കിലും മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നിഷേധിക്കുകയായിരുന്നെന്ന് എഞ്ചിനിയേഴ്സ് സൊസൈറ്റി വ്യക്തമാക്കി.
ഇവര്‍ എഞ്ചിനീയര്‍മാരാണെന്ന് തെളിയിക്കാനാവശ്യമായ രേഖകളൊന്നും തങ്ങളുടെ പക്കലില്ലെന്ന് കുവൈറ്റ് മാന്‍ പവര്‍ അതോരിറ്റിയും പ്രോസിക്യൂഷനെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഇവരെ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
പിടിയിലായവരില്‍ ഒരാള്‍ അടുത്തിടെ കുവൈറ്റില്‍ എത്തിയതാണ്. കുവൈറ്റ് എഞ്ചിനിയേഴ്സ് സൊസൈറ്റി അധ്യക്ഷന്‍ ഫൈസല്‍ അല്‍ അത്തലിനെ ഉദ്ധരിച്ച് അല്‍ റായ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Discussion about this post