സ്‌കൂള്‍ കാന്റീനില്‍ ഫ്രഞ്ച് ഫ്രൈസ് ഉള്‍പ്പടെ ഒന്‍പതിനം ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്ക്; കര്‍ശന നിര്‍ദേശവുമായി യുഎഇ

കൊഴുപ്പും അമിത തോതില്‍ മധുരവും ചേര്‍ന്ന ഭക്ഷണവും പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുള്ള വിഭവങ്ങളുമാണ് നിരോധിച്ചത്.

അബുദാബി: സ്‌കൂള്‍ കാന്റീനില്‍ ഫ്രഞ്ച് ഫ്രൈസ് ഉള്‍പ്പടെ ഒന്‍പതിനം ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്ി യുഎഇ. ഫ്രഞ്ച് ഫ്രൈസ് അടക്കം എണ്ണയില്‍ പൊരിച്ചെടുത്തതുള്‍പ്പെടെയുള്ള ഭക്ഷണങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചത്. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്കു കര്‍ശന മാര്‍ഗ നിര്‍ദേശം കൈമാറി.

വളര്‍ന്നു വരുന്ന തലമുറയുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ നടപടി. കൊഴുപ്പും അമിത തോതില്‍ മധുരവും ചേര്‍ന്ന ഭക്ഷണവും പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുള്ള വിഭവങ്ങളുമാണ് നിരോധിച്ചത്.

ശീതീകരിച്ചു സൂക്ഷിച്ച മാംസവസ്തുക്കള്‍, ഹോട് ഡോഗ്, കൃത്രിമ രുചിക്കൂട്ടുകള്‍ ചേര്‍ന്ന നൂഡില്‍സ് അടക്കമുള്ള വിഭവങ്ങള്‍, ഉപ്പിന്റെ അംശം കൂടിയവ, ചോക്കലേറ്റ് ബാറുകള്‍, എണ്ണയും മധുരവും ചേര്‍ന്ന പലഹാരങ്ങള്‍, ലോലിപോപ്പ് പോലെയുള്ള മിഠായികള്‍, ച്യുയിംഗം, പാര്‍ശ്വഫല സാധ്യതയുള്ള കടല ഉല്‍പന്നങ്ങള്‍, ഫ്രഞ്ച് ഫ്രൈസ് അടക്കം എണ്ണയില്‍ പൊരിച്ചെടുത്ത സാധനങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍, ക്രീം അടങ്ങിയ കേക്കുകള്‍, ഡോനട്‌സുകള്‍ എന്നിവയ്ക്കു വിലക്ക് ബാധകമാകും. ഈ പട്ടികയില്‍പ്പെടുന്ന സാധനങ്ങളുടെ വിതരണം സ്‌കൂളുകളില്‍ അനുവദിക്കില്ല.

അതേസമയം, കുട്ടികള്‍ സ്‌കൂളുകളിലേക്ക് പുറപ്പെടും മുന്‍പ് പ്രാതല്‍ നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിര്‍ദേശം മുന്‍പോട്ട് വെയ്ക്കുന്നുണ്ട്.

Exit mobile version