റിയാദ്: സൗദിയിലേക്ക് വരുന്ന യാത്രക്കാര്‍ രാജ്യത്ത് നിയന്ത്രണമുള്ള മരുന്നുകള്‍ കൈവശമുണ്ടെങ്കില്‍ യാത്രക്ക് മുമ്പേ ഓണ്‍ലൈന്‍ വഴി ക്ലിയറന്‍സ് പെര്‍മിറ്റ് നേടണമെന്ന് നിര്‍ദേശം. നിയന്ത്രിച്ച മരുന്നുകള്‍ കൈവശം വെച്ച് സൗദിയിലേക്ക് വരുന്നവര്‍ https://cds.sfda.gov.sa എന്ന ലിങ്ക് വഴി ക്ലിയറന്‍സ് പെര്‍മിറ്റ് നേടണം.
നവംബര്‍ ഒന്ന് മുതല്‍ നിയമം പൂര്‍ണമായും പ്രാബല്യത്തില്‍ വരുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക്ക) മുഴുവന്‍ വിമാന കമ്പനികള്‍ക്കും ട്രാവല്‍സ് അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.
രോഗികള്‍ക്ക് പിന്തുണയും കുറ്റമറ്റ യാത്ര ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏകീകൃതവും സമഗ്രവുമായ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി അനധികൃത മരുന്ന് കടത്ത് തടയാനും അംഗീകൃത നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കുന്നത് ഉറപ്പാക്കാനും ലക്ഷ്യം വെച്ചാണ് പുതിയ നീക്കം.