കുവൈറ്റ് സിറ്റി: വിവിധ കേസുകളിലായി കുവൈറ്റില്‍ ശിക്ഷ അനുഭവിക്കുന്ന 498 ഇന്ത്യക്കാര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ശിക്ഷ അനുഭവിക്കുന്നവരില്‍ പത്ത് പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. കുവൈറ്റിലെ പ്രധാന ജയിലുകളിലായാണ് 498 ഇന്ത്യക്കാര്‍ വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നത്.
ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്ക് പ്രകാരമാണിത്. ശിക്ഷ അനുഭവിക്കുന്നവരില്‍ അഞ്ച് പേര്‍ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ടവരുമാണ്. ലഹരി മരുന്ന്, മദ്യക്കച്ചവടം, വ്യാജരേഖ ചമയ്ക്കല്‍, മോഷണം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.
കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ 385 പേരും, പബ്ലിക് ജയിലില്‍ 101 പേരും, വനിതാ ജയിലില്‍ 12പേരുമാണ് ശിക്ഷയനുഭവിക്കുന്നത്. സ്ത്രീകളില്‍ എട്ടുപേര്‍ ലഹരി മരുന്ന് കേസുകളില്‍പ്പെട്ടവരാണ്. ഇതില്‍ ഒരു മലയാളി സ്ത്രീയും ഉള്‍പ്പെടും. ജീവപര്യന്തം, 10 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയുള്ള ശിക്ഷ അനുഭവിക്കുന്നവരാണ് കൂടുതലും. ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് വര്‍ഷം തോറും അമീര്‍ ഷെയ്ക്ക് സബാ അല്‍ അഹമദ് അല്‍ ജാബെര്‍ അല്‍ സബാ മാപ്പ് നല്‍കാറുണ്ട്. ഇത്തരത്തില്‍ ഇളവ് അനുവദിക്കുന്നതിനായി ഈ വര്‍ഷം 600-മുതല്‍ 700 പേരുടെ പട്ടിക നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.