ശമ്പളം ഇല്ല, രോഗം ബാധിച്ചപ്പോള്‍ ചികിത്സയും ഇല്ല; ദുരിത കയത്തില്‍ രാജസ്ഥാന്‍ സ്വദേശി പ്രമോദ്, സഹായ ഹസ്തവുമായി മലയാളികളും, ഒടുവില്‍ ജന്മനാട്ടിലേയ്ക്ക് മടങ്ങി

റിയാദ്: ശമ്പളം കിട്ടാതെയും ഇടയ്ക്ക് രോഗം ബാധിച്ചപ്പോള്‍ കൃത്യമായി ചികിത്സ ലഭിക്കാതെയും നരകയാതന അനുഭവിച്ച രാജസ്ഥാന്‍ സ്വദേശിക്ക് സഹായ ഹസ്്തവുമായി മലയാളി സാമൂഹിക പ്രവര്‍ത്തകര്‍. കഴിഞ്ഞ നാലു വര്‍ഷമായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സ മസ്‌റോയയില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ആശാരിപ്പണി ചെയ്യുകയായിരുന്നു രാജസ്ഥാന്‍ ബിക്കാനീര്‍ സ്വദേശിയായ പ്രമോദ്.

കൊറോണ കാലത്തെ സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് കഴിഞ്ഞ മൂന്നു മാസമായി ശമ്പളം മുടങ്ങി. ഈ സമയം, അസുഖ ബാധിതനായെങ്കിലും പണമില്ലാത്തതിനാല്‍ ചികിത്സാച്ചെലവിന് പോലും നിവൃത്തിയില്ലാതാവുകയായിരുന്നു. തുടര്‍ന്ന് പ്രമോദ് ചില സുഹൃത്തുക്കളുടെ നിര്‍ദ്ദേശമനുസരിച്ച് അല്‍ഹസ്സ നവയുഗം ജീവകാരുണ്യ വിഭാഗത്തെ ഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ സിയാദ് പള്ളിമുക്കും മണി മാര്‍ത്താണ്ഡവും കൂടി പ്രമോദിനെ പോയി കാണുകയും അയാളുടെ ദയനീയാവസ്ഥ കണ്ടു ചെറിയ സാമ്പത്തിക സഹായം ചെയ്യുകയും ചെയ്യുകയും ചെയ്തു. സ്‌പോണ്‍സറുമായി സംസാരിച്ച് കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും നല്‍കി നാട്ടിലേയ്ക്ക് അയയ്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സ്‌പോണ്‍സര്‍ സഹകരിക്കാത്തതിനെതുടര്‍ന്ന്, പ്രമോദിനെക്കൊണ്ട് ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കോടതിയില്‍ കേസ് വിളിച്ചപ്പോള്‍, സ്‌പോണ്‍സര്‍ ഹാജരാവുകയും ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് സ്‌പോണ്‍സര്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്‌പോര്‍ട്ടും പ്രമോദിന് നല്‍കി. നീണ്ട നാളത്തെ നരകയാതനയ്ക്ക് ഒടുവില്‍ പ്രമോദ് ജന്മനാട്ടിലേയ്ക്ക് എത്തുകയും ചെയ്തു.

Exit mobile version