കുവൈറ്റ് സിറ്റി: എണ്ണ ഇതര വ്യവസായ രംഗത്തേക്ക് ഇനിയും മാറാത്ത മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻസാമ്പത്തിക തിരിച്ചടികളെന്ന് സൂചന. 15 ലക്ഷം വിദേശ തൊഴിലാളികൾ ജോലി നഷ്ടപ്പെട്ട് വേതനം പോലുമില്ലാതെ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.
കൊവിഡ്19 വ്യാപനം കാരണം എണ്ണ വിൽപ്പനയിലുണ്ടായ ഇടിവ് ഗൾഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കാൻ പര്യാപ്തമായിരിക്കുകയാണ്. മിഡിൽ ഈസ്റ്റ് സമ്പദ്‌വ്യവസ്ഥയിൽ 40 വർഷത്തിനിടയിലെ ഏറ്റവുംവലിയ ആഘാതം ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ റിപ്പോർട്ട്.
കൊവിഡും എണ്ണവിലത്തകർച്ചയും കാരണം അറബ് ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ 12 ശതമാനം ഇടിവുണ്ടാകുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു. 2008-09ലെ സാമ്പത്തിക പ്രതിസന്ധിയെക്കാൾ മോശമായ ഒരവസ്ഥയാണ് കൊറോണ മഹാമാരി മൂലം ഗൾഫ് സമ്പദ്‌വ്യവസ്ഥയിലുണ്ടാകാൻ പോവുന്നതെന്നാണ് പ്രവചനം. ഇത് 3.3 ശതമാനം ചുരുങ്ങുമെന്നും ലോക സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഐഎംഎഫ് വ്യക്തമാക്കുന്നുണ്ട്.
ഒപെക് ഇതര രാജ്യങ്ങൾ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചത് വലിയ സഹായമായ ഗൾഫ് രാജ്യങ്ങളാണ് പ്രധാനമായും പ്രതിസന്ധിയിലാവുന്നത്. എണ്ണ കയറ്റുമതിയിൽ മുൻപന്തിയിലുള്ള സൗദി അറേബ്യയും യുഎഇയും ഖത്തറും വലിയ സാമ്പത്തിക തിരിച്ചടി തന്നെയാണ് നേരിടേണ്ടിവരിക. പശ്ചിമേഷ്യയിലെ രണ്ടാമത്തെ വലിയ ഇന്ധന ശക്തിയായ ഇറാനിലും ആറ് ശതമാനം ഇടിവുണ്ടാകും. അതേസമയം, കുവൈറ്റ് 2018നെ അപേക്ഷിച്ച് 2019ൽ നേരിയ വളർച്ച കൈവരിച്ചതിന്റെ ആശ്വാസത്തിലാണ്. മൊത്തം ആഭ്യന്തര ഉത്പാദനം 130 ശതകോടി യുഎസ് ഡോളറാണെന്നും കുവൈറ്റ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.
കിട്ടാക്കടം പെരുകുന്നതും ഗൾഫ് മേഖലയിലെ ബാങ്കുകൾക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. എണ്ണവില കൂപ്പുകുത്തിയതോടെ ഓഹരിവിപണിക്കും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും വലിയ തകർച്ചയാണ് ഉണ്ടായിരിക്കുന്നത്.