റിയാദ്: സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനി അരാംകോയിലെ ഹൂതി ഡ്രോൺ ആക്രണം തകർത്തത് സൗദിയിലെ എണ്ണ ഉത്പാദനത്തെ മാത്രമല്ല, ആഗോള തലത്തിലെ എണ്ണ ലഭ്യതയേയും. അരാംകോയുടെ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഹൂതി ഡ്രോൺ ആക്രമണം എണ്ണ ഉൽപാദനത്തെ സാരമായി ബാധിച്ചതായാണ് റിപ്പോർട്ട്. സൗദിയുടെ ആകെ എണ്ണ ഉൽപാദനത്തിന്റെ പകുതി കുറയുമെന്ന് ഉറപ്പായി. ആക്രമണമുണ്ടായ അരാംകോയുടെ ബുഖ്യാഖിലും ഖുറൈസിലും കേന്ദ്രങ്ങളിൽ ഉത്പാദനം നിർത്തിവച്ചെന്നു സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു. പ്രതിദിനം 57 ലക്ഷം ബാരൽ എണ്ണയാണ് ഇതോടെ നഷ്ടമാവുക.
അതേസമയം, പ്രതിസന്ധി രൂക്ഷമായാൽ കരുതൽശേഖരം ഉപയോഗിക്കാനുളള നടപടികൾ യുഎസ് ആരംഭിച്ചു. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നാണ് യുഎസ് ആരോപണം. പ്രതിദിന ആഗോള എണ്ണ ഉൽപാദനത്തിലെ ആറു ശതമാനമാണിത്. പുതിയ സാഹചര്യം എണ്ണവില വർധനയ്ക്കും ഇടയാക്കിയേക്കും. നാശനഷ്ടമുണ്ടായ ബുഖ്യാഖിലും ഖുറൈസിലും പുനരുദ്ധാരണ നടപടികൾ പുരോഗമിക്കുകയാണ്.
എണ്ണയുടെ കരുതൽ ശേഖരം ഉപയോഗിക്കാനുള്ള നടപടികൾ യുഎസ് ഊർജവകുപ്പ് തുടങ്ങി. ഇതിനിടെ, ആക്രമണത്തിന്റെ തെളിവുകൾ യെമനിലല്ല, ഇറാനിലാണുളളതെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ ആരോപണം ആഗോളതലത്തിൽ ചർച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. ഗൾഫ് മേഖലയിൽ സംഘർഷസ്ഥിതിക്ക് അയവുവരുത്താനുളള ശ്രമങ്ങൾക്ക് ഇറാൻ തുരങ്കം വച്ചതായി യുഎസ് ആരോപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഭീകരാക്രമണങ്ങളെ ഒറ്റയ്ക്കു നേരിടാൻ സൗദിക്കു കഴിയുമെന്ന് അറിയിച്ചു. സൗദിയുടെ സുരക്ഷയ്ക്ക് എന്തു സഹായവും നൽകാൻ സന്നദ്ധമാണെന്നു ട്രംപും വ്യക്തമാക്കി. സ്ഥിതി നേരിടാൻ ആഗോള തലത്തിൽ ശ്രമങ്ങളുണ്ടാകണമെന്ന് രാജ്യാന്തര ഊർജ ഏജൻസി ആവശ്യപ്പെട്ടു.
സൗദി തലസ്ഥാനമായ റിയാദിൽനിന്ന് 330 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന ബുഖ്യാഖ്. സെപ്റ്റംബർ 11നാണ് അരാംകോയുടെ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായത്.
Discussion about this post