ഒരു ജീവനെടുത്തതിനു പ്രായശ്ചിത്തമായി മറ്റൊരു ജീവനു തണലേകാനുറച്ച് ഈ ജീവപര്യന്തം തടവുകാരന്‍; സ്വന്തം വൃക്ക പകുത്തു നല്‍കി പ്രിന്‍സിക്ക് പുതുജീവനേകും

pp sukumaran, former prisoner, donates kidney,20 year old girl princy, princy, organ donation,kerala, stories
കൊല്ലം: ഒരു ജീവനെടുത്തതിന്റെ പശ്ചാത്താപത്താല്‍ നീറുന്ന ഈ മുന്‍ ജീവപര്യന്തം തടവുകാരന്‍ പുതുജീവന് പ്രതീക്ഷ നല്‍കി തന്റെ തെറ്റു തിരുത്താന്‍ തയ്യാറായിരിക്കുകയാണ്. കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയനുഭവിച്ച് തീര്‍ത്ത പട്ടാമ്പിക്കാരന്‍ പിപി സുകുമാരനാണ് വൃക്കദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ജീവപര്യന്തം ശിക്ഷയില്‍ ഇളവുലഭിച്ച സുകുമാരന്‍ കഴിഞ്ഞ ജൂലൈയിലാണു ജയില്‍ മോചിതനായത്. കൊല്ലം വടക്കേവിള പ്രിന്‍സി കോട്ടേജില്‍ പ്രിന്‍സി തങ്കച്ച(20)നു പുനര്‍ജന്മമാകാനാണ് പാലക്കാട് പട്ടാമ്പി പള്ളിപ്പുറം പുള്ളിത്തടത്തില്‍ വീട്ടില്‍ പി സുകുമാരന്റെ തടവിലെ മാനസാന്തരത്തിനു ശേഷമുള്ള ദൈവ നിയോഗം. വൃക്കകള്‍ തകരാറിലായി ഡയാലിസിസിലൂടെ ജീവിതം തള്ളിനീക്കുന്ന പ്രിന്‍സിക്കു മുന്നിലാണു സുകുമാരന്‍ ദൈവദൂതനായത്. ഒരാളുടെ ജീവനെടുത്തതിനു പകരം മറ്റൊരാള്‍ക്കു ജീവിതം നല്‍കാന്‍ ജയില്‍വാസകാലത്തുതന്നെ സുകുമാരന്‍ തീരുമാനിച്ചിരുന്നു. അതിനു പ്രചോദനമായതാകട്ടെ സാമൂഹികപ്രവര്‍ത്തകയും വൃക്കദാനം നടത്തുകയും ചെയ്ത ഉമാ പ്രേമനാണ്. ക്രിമിനല്‍ കേസില്‍ തടവുശിക്ഷ അനുഭവിച്ചവര്‍ക്ക് അവയവദാനത്തിനുള്ള നിയമതടസം പ്രത്യേക ഉത്തരവിലൂടെയാണു സുകുമാരന്‍ മറികടന്നത്. പ്രിന്‍സിയുടെ മാതാവ് പ്രസന്ന വൃക്കരോഗം ബാധിച്ചാണു 13 വര്‍ഷം മുമ്പു മരിച്ചത്. ഇപ്പോള്‍ സഹോദരനും വൃക്കരോഗിയാണ്. രോഗിയായ പിതാവ് തങ്കച്ചനുമൊത്തു മറച്ചുകെട്ടിയ ചെറിയ വീട്ടിലാണു പ്രിന്‍സിയുടെ താമസം. പെണ്‍കുട്ടിയുടെ ചികിത്സയ്ക്കു കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ പ്രേം ഉഷാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ 17 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കായി പ്രിന്‍സിയെ 20-നു കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കും.

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)