ലഖ്‌നൗ: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കാത്തത് പേടി കൊണ്ടാണെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. വാരണാസിയില്‍ മത്സരിക്കുന്നില്ലെന്ന തീരുമാനം എടുത്തത് പേടിയായത് കൊണ്ടല്ലെന്നും പാര്‍ട്ടിയുടെ തീരുമാനമാണെന്നും പ്രിയങ്ക വ്യക്തമാക്കി.
അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുള്ള പ്രചാരണത്തിനിടെ,മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രിയങ്ക. ഭയപ്പെട്ടിരുന്നുവെങ്കില്‍ താന്‍ വീട്ടിലിരുന്നേനെയെന്നും ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങില്ലായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. അതോടൊപ്പം നല്ലതിനു വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും ഇവിടെ തന്നെ ഉണ്ടാകുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
വാരണാസിയില്‍ നിന്നും മത്സരിച്ചിരുന്നുവെങ്കില്‍ താന്‍ ഒരു മണ്ഡലത്തില്‍ മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു. എല്ലാ സ്ഥാനാര്‍ത്ഥികളും അവരവരുടെ മണ്ഡലത്തില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാറുണ്ട്. അവരെ തനിക്ക് നിരാശപ്പെടുത്താന്‍ സാധിക്കില്ല എന്ന് പ്രിയങ്ക വ്യക്തമാക്കി.