ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറിലെ അഴിമതി ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിജെപി സര്‍ക്കാരിന് തിരിച്ചടി. പ്രശാന്ത് ഭൂഷണ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ സ്വീകരിക്കാന്‍ സുപ്രീം കോടതി അനുമതി നല്കി. കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് പരമോന്നത കോടതിയുടെ നടപടി. പ്രതിരോധ രേഖകള്‍ സ്വീകരിക്കരുതെന്നായിരുന്നു കേന്ദ്രം കോടതിയില്‍ വാദിച്ചത്.
എന്നാല്‍ ഇതു തള്ളിയ കോടതി പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. പുതിയ രേഖകള്‍ പുനഃ പരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും. ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവരാണ് രേഖകള്‍ സുപ്രീം കോടതിക്ക് മുമ്പാകെ എത്തിച്ചത്. എന്നാല്‍, ഔദ്യോഗിക രഹസ്യനിയമം, വിവരാവകാശ നിയമം, തെളിവു നിയമം തുടങ്ങിയവയിലെല്ലാം പ്രതിരോധ രേഖകള്‍ക്ക് സവിശേഷ അധികാരം നല്‍കുന്നുണ്ടെന്നും, ഉദ്യോഗസ്ഥന്റെ അനുമതി ഇല്ലാതെ ഈ രേഖകള്‍ കോടതിക്ക് പരിഗണിക്കാനാകില്ലെന്നും സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വാദിച്ചു.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ ദുരുദ്ദേശപരമാണെന്നും പൊതുസമൂഹത്തിന് മുന്നിലുള്ള തെളിവുകള്‍ കോടതിക്ക് നിഷേധിക്കാനാകില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ തിരിച്ചടിച്ചു.
Discussion about this post