മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകൾ പുറത്തുവന്നപ്പോൾ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ രംഗത്ത്. ആദ്യം വോട്ടെണ്ണിയ വഴിക്കടവിൽ യു ഡി എഫ് മികച്ച നേട്ടം ഉണ്ടാക്കിയെന്നും മറ്റ് പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നുവെന്നും മുസ്ലിം ലീഗ് അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഭലിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളിലും യു ഡി എഫ് മുന്നേറ്റമുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഐക്യ ജനാധിപത്യ മുന്നണി നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ രാഷ്ട്രീയം മാത്രമാണ് പറഞ്ഞത്. മറ്റ് ചിലരൊക്കെ മറ്റ് പലതും പറഞ്ഞു. പക്ഷേ അതൊന്നും മണ്ഡലത്തിൽ ഏശിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാകും തെരഞ്ഞെടുപ്പ് ഫലമെന്നും സാദിഖ് അലി തങ്ങൾ അഭിപ്രായപ്പെട്ടു.
യു ഡി എഫ് വളരെ കെട്ടുറപ്പോടെയാണ് പ്രവർത്തിച്ചത്. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യത്തോടെയാണ് യു ഡി എഫ് പ്രവർത്തകർ മണ്ഡലത്തിലുടനീളം പ്രചരണം നടത്തിയത്. ഇതിന്‍റെയെല്ലാം നല്ല പ്രതിഫലനം മണ്ഡലത്തിൽ കാണാമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
യാത്രയുള്ളതിനാലാണ് സാദിഖലി തങ്ങൾ നേരത്തെ തന്നെ പ്രതികരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിലമ്പൂരിൽ വിജയം ഉറപ്പാണെന്നും ബാക്കി കാര്യങ്ങൾ കൂടുതൽ കണക്കുകൾ പുറത്തുവന്നതിനുശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു.
Discussion about this post