മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 75000-ല്‍ കുറയാതെ വോട്ട് പിടിക്കുമെന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. ആ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും എല്‍ഡിഎഫില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വോട്ട് പിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുഡിഎഫില്‍ നിന്ന് 25 ശതമാനം വോട്ട് പിടിക്കും. ആര്യാടന്‍ ഷൗക്കത്ത് 45000 വോട്ട് പിടിച്ചാല്‍ ഭാഗ്യം. ഷൗക്കത്തിന് ഇപ്പോഴും വി വി പ്രകാശിന്റെ വീട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. സ്വരാജ് പോയതിന് കുഴപ്പമില്ല. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഏത് വീട്ടിലും പോകാം. നിലമ്പൂരില്‍ കോണ്‍ഗ്രസോ യുഡിഎഫോ പരാജയപ്പെടില്ല. പരാജയപ്പെടുന്നത് ഷൗക്കത്ത് ആണ്. കോണ്‍ഗ്രസ് സ്ട്രോങ് ആണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
‘പിണറായിസത്തിനെതിരായ മാനസികമായ പോരാട്ടത്തിലാണ്. എല്ലാ സാധാരണക്കാരുടെയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ട്. ഞാനീ നിയമസഭാ മണ്ഡലത്തിലേക്ക് കടന്നുവരുമ്പോള്‍ നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ സിപിഐഎമ്മിന് നാല് സീറ്റാണ് ഉണ്ടായിരുന്നത്. ഇന്ന് 18 സീറ്റാണ്. ഞാന്‍ കഠിനാധ്വാനം നടത്തി നേടിയതാണ്. ആ പാര്‍ട്ടി ഒരു മുതലാളിത്ത രീതിയിലേക്ക് മാറിയപ്പോഴാണ് ഞാന്‍ എതിര്‍ത്തത്. ജനങ്ങളുടെ ജീവിത പ്രശ്‌നമാണ് ചര്‍ച്ച’, അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post