സഭയില്‍ മുഖ്യമന്ത്രി നല്‍കിയ കുറിപ്പിലെ ഉള്ളടക്കം വെളിപ്പെടുത്തി സ്പീക്കര്‍; സ്പീക്കറുടെ കസേരമറിച്ചിട്ടെന്ന വിഷയത്തിലും വിശദീകരണം

തിരുവനന്തപുരം: ‘ബഹളത്തില്‍ ബില്ലുകള്‍ ശ്രദ്ധിക്കാതെ പോകരുത്’, നിയമസഭാ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ക്ക് കൊടുത്തയച്ച കത്തിലെ ഉള്ളടക്കം ഇതായിരുന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ‘ഏതോ ആഗോളമായ ആണവരഹസ്യം അദ്ദേഹം എഴുതി നല്‍കിയതുപോലെയാണ് മാധ്യമങ്ങള്‍ അത് ആഘോഷിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ ഇത്തരത്തില്‍ കുറിപ്പു നല്‍കുന്നത് സാധാരണമാണെന്നും ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സ്പീക്കര്‍ പറഞ്ഞു.

‘ഇത് സാധാരണ കാര്യമാണ്. അന്നു തന്ന കുറിപ്പിലെ ഉള്ളടക്കം വെളിപ്പെടുത്താനും എനിക്കു മടിയില്ല’. രണ്ട് പ്രധാനപ്പെട്ട ബില്ലുകളുണ്ട്. ബഹളത്തില്‍ ബില്ലുകള്‍ ശ്രദ്ധിക്കാതെ പോകരുത് എന്ന അഭിപ്രായം അദ്ദേഹം അറിയിച്ചു. എന്താണ് അതില്‍ തെറ്റ്’ എന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്പീക്കര്‍ പറഞ്ഞത്.

സ്പീക്കറുടെ കസേര മറിച്ചിട്ട വിഷയം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിക്കാട്ടിയതിനും അദ്ദേഹം പരിപാടിയില്‍ മറുപടി നല്‍കി. ഭൂതകാലത്തില്‍ പറ്റിയ തെറ്റ് എന്നാണ് ഈ സംഭവത്തെ ശ്രീരാമകൃഷ്ണന്‍ വിശേഷിപ്പിച്ചത്. അതിന്റെ പേരില്‍ സ്ഥിരമായി കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഒരു പ്രത്യേക സന്ദര്‍ഭത്തിലെ പെരുമാറ്റമാണതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ വഴിയെ പോകുമ്പോള്‍ ഒരാള്‍ നിങ്ങളുടെ മുഖത്ത് തുപ്പിയാല്‍ നിങ്ങള്‍ രോഷത്തോടെ പ്രതികരിച്ചുവെന്നു വരും. അതിനര്‍ത്ഥം എല്ലാ ദിവസവും നിങ്ങള്‍ അതുപോലെ പ്രതികരിക്കുമെന്നല്ലെന്നും സ്പീക്കര്‍ പ്രതികരിച്ചു.

‘ചില പരിമിതികളുണ്ട്. ആ തലയില്‍ കയറി തുള്ളാന്‍ നോക്കരുത്’ എന്നാണ് സി.പി.ഐ.എം സെക്രട്ടറിയെപ്പോലെയാണ് സ്പീക്കര്‍ പെരുമാറുന്നതെന്ന ആക്ഷേപമുണ്ടല്ലോയെന്ന ചോദ്യത്തോട് പ്രതികരിച്ച് സ്പീക്കര്‍ പറഞ്ഞത്. അധ്യക്ഷന്റെ നിക്ഷ്പക്ഷത എന്നത് ആരുടെയെങ്കിലും രാഷ്ട്രീയലാഭത്തിന് ചൂട്ടുപിടിക്കലല്ല. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയലാഭത്തിന് കൂട്ടുനില്‍ക്കുന്ന ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ജലീലിനെതിരെ ഉയര്‍ന്ന ബന്ധുനിയമന ആരോപണം പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയത് വലിയ ബഹളത്തിനു വഴിവെച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു കുറിപ്പ് എഴുതി ജീവനക്കാരന്റെ കയ്യില്‍ സ്പീക്കര്‍ക്കു നല്‍കാനായി കൊടുത്തുവിട്ടിരുന്നു. ഈ ജീവനക്കാര്‍ സ്പീക്കറുടെ ഡയസിനു താഴെയിരിക്കുന്ന മറ്റൊരു ജീവനക്കാരനു കൈമാറുകയും അദ്ദേഹം സ്പീക്കര്‍ക്കു നല്‍കുകയുമായിരുന്നു.

മുഖ്യമന്ത്രി കുറിപ്പു നല്‍കിയ വിഷയം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി തന്നെ സഭ തടസപ്പെടുത്തിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. കുറിപ്പു വായിച്ചശേഷമാണ് സഭ ഇങ്ങനെ നടത്തിക്കൊണ്ടുപോകാന്‍ പറ്റില്ലയെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

Exit mobile version