ബീഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മദ്യപാനം വിലക്കി നിതീഷ് കുമാര്‍

പറ്റ്‌ന: മദ്യ മുക്ത സംസ്ഥാനമായ ബീഹാറില്‍ കൂടുതല്‍ കര്‍ശന നടപടികളുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജോലി സമയത്ത് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ മദ്യപിക്കാന്‍ പാടില്ലെന്നാണ് നിതീഷ് കുമാറിന്റെ പുതിയ ഉത്തരവ്. അത് സംസ്ഥാനത്തിന് പുറത്തോ രാജ്യത്തിന് പുറത്തോ ആയാല്‍ പോലും. ഇത് സംബന്ധിച്ച ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മദ്യനിരോധന നിയമം ഈ മാസമാദ്യം കാബിനറ്റില്‍ പാസ്സാക്കുകയും ചെയ്തിരുന്നു. മദ്യ നിരോധനം വന്നതിനു ശേഷവും സംസ്ഥാനത്തെ പല ഉദ്യോഗസ്ഥരും മദ്യപിക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ളവരുടെ പരിശോധന നടത്തുമോയെന്നും ഒരു പൊതുപരിപാടിക്കിടെ മുഖ്യമന്ത്രിക്ക് നേരെ ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് മജിസ്‌ട്രേറ്റ്, ജഡ്ജ് ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും മദ്യപാനം വിലക്കി സര്‍ക്കാര്‍ ഉത്തരവ് ഇടുന്നത്. ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനം എന്ന ബഹുമതിയും ഇതോടെ ബീഹാറിനെ തേടിയെത്തി. അതേ സമയം നിയമത്തിന്റെ പ്രായോഗികത സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.ജോലി സംബന്ധമായി വിദേശ രാജ്യങ്ങളിലടക്കം പോകുന്നവര്‍ നിയമം പിന്‍തുടരുന്നുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാനാകും എന്നാണ് പൊതുവെ ഉയരുന്ന ചോദ്യം. ഉദ്യോഗസ്ഥരുടെ മദ്യപാനം സംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള പരാതികള്‍ ലഭിച്ചാല്‍ നടപടിയെടുക്കുമെന്നാണ് ഇതിനായി സര്‍ക്കാര്‍ നല്‍കുന്ന ഉത്തരം. പിരിച്ചു വിടലും സസ്‌പെന്‍ഷനും ശമ്പളം വെട്ടിച്ചുരുക്കലുമടക്കമുള്ള ശിക്ഷകളാണ് ഇത്തരത്തില്‍ പരാതികള്‍ ലഭിച്ചാല്‍ ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)