17 അടി നീളമുള്ള കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പിനെ പിടികൂടി, വയറ്റിലുള്ളത് 73 മുട്ടകള്‍, അമ്പരപ്പില്‍ ശാസ്ത്ര ലോകം

17 അടി നീളവും 140 പൗണ്ട് (63.5 കിലോഗ്രാം) തൂക്കം വരുന്ന പെണ്‍ പെരുമ്പാമ്പിനെയാണ് ഇവര്‍ പിടികൂടി കൊന്നത്

മിയാമി: ഫ്‌ളോറിഡയില്‍ 17 അടിയിലേറെ നീളമുള്ള കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പിനെ പിടികൂടി റെക്കോഡ് സ്വന്തമാക്കിയത് ഒരു സംഘം ശാസ്ത്രജ്ഞന്മാര്‍. ഈ മേഖലയില്‍ ഇത്രയും വലുപ്പമേറിയ പെരുമ്പാമ്പിനെ പിടികൂടുന്നത് ആദ്യമായാണെന്നാണ് ഇവര്‍ പറയുന്നത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൊരുമ്പാമ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്.

17 അടി നീളവും 140 പൗണ്ട് (63.5 കിലോഗ്രാം) തൂക്കം വരുന്ന പെണ്‍ പെരുമ്പാമ്പിനെയാണ് ഇവര്‍ പിടികൂടി കൊന്നത്. ഏഷ്യയാണ് ബര്‍മീസ് പെരുമ്പാമ്പുകളുടെ സ്വദേശം. അവിടെയുള്ള പെരുമ്പാമ്പുകള്‍ക്ക് 18 മുതല്‍ 20 അടിവരെ നീളം വയ്ക്കാറുണ്ട്. എന്നാല്‍ ഫ്‌ലോറിഡയില്‍ ഇതാദ്യമായാണ് കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. സൗത്ത് ഫ്‌ളോറിഡയിലെ ബിഗ് സൈപ്രസ് നാഷണല്‍ പ്രിസര്‍വ് മേഖലയില്‍ നിന്ന് നീക്കം ചെയ്തതില്‍ വച്ച് ഏറ്റവും വലിപ്പമേറിയ പെരുമ്പാമ്പാണിതെന്ന് ശാസ്ത്രജ്ഞന്മാരുടെ സംഘം അറിയിച്ചു.

ഇപ്പോള്‍ പിടികൂടിയ പെരുമ്പാമ്പിന്റെ വയറിനുള്ളില്‍ നിന്ന് 73 മുട്ടകള്‍ കണ്ടെത്തിട്ടുണ്ട്. ജനുവരി മുതല്‍ ഏപ്രില്‍വരെയാണ് ബര്‍മീസ് പെരുമ്പാമ്പുകളുടെ പ്രജജന കാലം. ആണ്‍ പെരുമ്പാമ്പുകളുടെ ശരീരത്തില്‍ ഘടിപ്പിച്ചു വിട്ടിരിക്കുന്ന ടാഗും റേഡിയോ ട്രാന്‍സ്മിറ്ററുകളാണ് പെണ്‍ പെരുമ്പാമ്പുകളെ കണ്ടെത്താന്‍ ഗവേഷകരെ സഹായിക്കുന്നത്.

മിയാമിയിലും പ്രാന്തപ്രദേശങ്ങളിലുമായി ഒരു ലക്ഷത്തിലധികം പെരുമ്പാമ്പുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക് വ്യക്തമാക്കിട്ടുണ്ട്. ഇത് മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് ഭീഷണിയായതോടെയാണ് പാമ്പുകളെ പിടികൂടാമുള്ള നടപടികള്‍ തുടങ്ങിയത്. ഈ മേഖലയില്‍ പാമ്പുകളെ പിടികൂടാനുള്ള മത്സരങ്ങള്‍ നടത്താറുണ്ട്. ആദ്യമായി മത്സരം നടന്നത് 2013 ലാണ്.

ഈ മത്സരത്തില്‍ 1600 പേരാണ് പങ്കെടുത്തത്. 2017ല്‍ പെരുമ്പാമ്പുകളെ പിടികൂടാനായി 175,000 ഡോളറിന്റെ(ഒരു കോടിയിലധികം) പദ്ധതി സൗത്ത് ഫ്‌ളോറിഡ വാട്ടര്‍ മാനേജ്‌മെന്റ് ഡിസ്ട്രിക്ട് നടപ്പാക്കിയിരുന്നു. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാമ്പുകളെ കണ്ടെത്തി പിടികൂടുക മാത്രമല്ല മറിച്ച് അവയെ കുറിച്ചുള്ള പഠനനിരീക്ഷണങ്ങളും നടത്തുന്നുണ്ടെന്ന് ശാസ്ത്രസംഘം അറിയിപ്പു.

Exit mobile version