വാഷിങ്ടണ്‍: ചൈനയ്ക്കെതിരെ വീണ്ടും താക്കീതുമായി അമേരിക്ക. ജയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ചൈനയ്ക്ക് വീണ്ടും താക്കീതുമായി അമേരിക്ക രംഗത്ത് എത്തിയത്. ചൈന മസൂദ് അസറിന് കവചം ഒരുക്കുകയാണെന്ന് ആരോപിച്ച അമേരിക്ക വിലക്കപ്പെടേണ്ട തീവ്രവാദിയാണ് മസൂദെന്നും വ്യക്തമാക്കി.
ഭീകരവാദത്തെ സംരക്ഷിക്കാന്‍ ചൈന ശ്രമിക്കരുതെന്നും അമേരിക്ക താക്കീത് നല്കി. ജയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ ഇന്നലെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചൈന വീണ്ടും എതിര്‍ത്തിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 27-ന് യുഎസ്, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തിന്മേലാണ് ബുധനാഴ്ച രാത്രി വൈകി യുഎന്നില്‍ വോട്ടെടുപ്പ് നടന്നത്. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈന നാലാംതവണയും പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തു. പ്രമേയം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും എന്നാല്‍, രാജ്യത്തിന്റെ പൗരന്മാര്ക്കെതിരേ നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി.
ഇത് നാലാം തവണയാണ് യുഎന്‍ നീക്കത്തെ ചൈന എതിര്‍ത്തത്. മസൂദ് അസറിന് എതിരെ ഇനിയും തെളിവുകള്‍ വേണമെന്നാണ് ചൈനയുടെ ആവശ്യം. അതേസമയം, ചൈനയുടെ നീക്കം നിരാശാ ജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു.
Discussion about this post