വാഷിങ്ടണ്‍: പേരിന്റെ കൂടെ ഒരു ട്രംപ് എന്ന ഭാഗം ഉള്ളതിന്റെ പേരില്‍ കുഞ്ഞു ജോഷ്വാ കേട്ട പരിഹാസങ്ങള്‍ക്ക് കണക്കില്ല. അമേരിക്കന്‍ പ്രസിഡന്റിന്റെ പേരിന്റെ വാല് സ്വന്തം പേരിലുള്ളതിനാല്‍ രണ്ട് വര്‍ഷത്തിനിടെ നിരവധി തവണയാണ് ഈ 11കാരന് കളിയാക്കലുകള്‍ക്ക് ഇരയായത്. പരിഹാസം രൂക്ഷമായതോടെ സ്കൂള്‍ പഠനം നിര്‍ത്തിവെയ്ക്കാനും ജോഷ്വായും കുടുംബവും തീരുമാനിച്ചിരുന്നു. എന്നാല്‍ ജോഷ്വായെ പോലും അമ്പരപ്പിച്ച് അവന്റെ പേര് അവനെ യുഎസ് പ്രതിനിധി സഭയിലെ പ്രത്യേക ക്ഷണിതാവായി എത്തിച്ചിരിക്കുകയാണ്.
പ്രസിഡന്റ് ട്രംപിന്റെ സ്റ്റേറ്റ് ഓഫ് ദ യൂണിയന് അഡ്രസ്സിലെ പ്രത്യേക ക്ഷണിതാവായിരുന്നു ജോഷ്വാ. ഈ വിദ്യാര്‍ത്ഥിയെ കുറിച്ച് കേട്ടറിഞ്ഞ പ്രഥമ വനിത മെലാനിയ ട്രംപാണ് വാര്‍ഷിക പ്രസംഗത്തിലേക്ക് കുഞ്ഞു ട്രംപിനെ ക്ഷണിച്ചത്. ആന്റി ബുള്ളിയിംഗിന്റെ മുഖമായിട്ടാണ് കുട്ടിയെ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്.
പേരിനെചൊല്ലി മകന് നേരിട്ട പരിഹാസങ്ങള്‍ മകനെ ഒരുപാട് തളര്‍ത്തിയെന്നും ഒരിടക്ക് ഞങ്ങളാകെ ഭയപ്പെട്ടെന്നും കുഞ്ഞ് ട്രംപിന്റെ മാതാപിതാക്കള്‍ പറയുന്നു.
എന്നാല്‍ അവന് പക്ഷെ പ്രസിഡന്റിന്റെ അപക്വമായ നിലപാടിന്റെ ഇരയാണെന്നാണ് ഉയരുന്ന മറുവാദം. ബുള്ളിയിങിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം. അമേരിക്കയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബുള്ളിയിങ് കൂടുതലാണെന്നും ഇത് മാനസിക പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്നും സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post