കിഗലി: റുവാണ്ട സര്‍ക്കാര്‍ ബ്ലീച്ചിംഗ് ക്രീമുകള്‍, ഫെയര്‍നസ് ക്രീമുകള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിരോധിച്ചു. ഇത്തരം വസ്തുക്കളില്‍ അമിതമായ രീതിയിലുള്ള കെമിക്കലുകളുടെ ഉപയോഗവും ഇതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
നിരോധനം പൂര്‍ണമായി നടപ്പിലാക്കാനായി വിവിധയിടങ്ങളിലായി നിരവധി ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. ഹൈഡ്രോക്വിനോണ്‍ അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കളാണ് സര്‍ക്കാര്‍ പൂര്‍ണമായി നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവ അടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളാണ് ഉണ്ടാവുക. അതുകൊണ്ടു തന്നെ ഹൈഡ്രോക്വിനോണ്‍ അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹൈഡ്രോക്വിനോണ്‍ അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ കടകളില്‍ നിന്ന് പിടിച്ചെടുക്കാനായി സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്ലീച്ചിംഗ് ക്രീം, സോപ്, ലോഷന്‍, ഫെയര്‍നസ് ക്രീം ഉള്‍പ്പെടെ 5000ത്തോളം സൗന്ദര്യവര്‍ധക വസ്തുക്കള്‍ വിവിധ ബ്യൂട്ടി ഷോപ്പുകളില്‍ നിന്ന് പോലീസ് ഇതിനോടകം പിടിച്ചെടുത്തു. കെമിക്കലുകള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചാല്‍ ഫംഗസ് അണുബാധ, കരള്‍ രോഗങ്ങള്‍, മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
Discussion about this post