ബെയ്ജിങ്: ചൈനയെ വിടാതെ കൊവിഡ് മഹാമാരി. വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടും കൊവിഡ് ദിനംപ്രതി റെക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ച മാത്രം രാജ്യത്ത് 31,527 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നു എന്നതാണ് മറ്റൊരു വസ്തുത.
ഏപ്രിൽ 13നുശേഷം ആദ്യമായാണ് ഒരുദിവസം ഇത്രയും അധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. 28,000 പേർക്കായിരുന്നു എപ്രിൽ 13ന് രോഗം സ്ഥിരീകരിച്ചത്. ഒറ്റയടിക്ക് ഇത്രയും രോഗബാധിതർ ഉയർന്നതിന്റെ ആശങ്കയിലാണ് രാജ്യം. കോവിഡിന്റെ രൂക്ഷമായ കെടുതികളെ മറികടക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും, സമ്പൂർണ അടച്ചിടൽ ഉൾപ്പെടെയുള്ള സീറോ കോവിഡ് നയം കർശനമായി പാലിക്കുകയും ചെയ്ത ചൈനയെ സംബന്ധിച്ചിടത്തോളം ഒറ്റയടിക്ക് കേസുകൾ ഉയർന്നത് തിരിച്ചടിയായിരിക്കുകയാണ്.
സീറോ കോവിഡ് നയത്തിൽ ഇളവ് വരുത്താൻ ചൈന തയാറെടുക്കുന്നതിനിടെയാണ് വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ ബലത്തിൽ തകർച്ചയിൽ നിന്ന് തിരിച്ചുവരാൻ ശ്രമിക്കുന്ന ചൈനീസ് സമ്പദ്ഘടനയ്ക്കാണ് പുതിയ സാഹചര്യം കനത്ത തിരിച്ചടിയായത്. ഓഹരിവിപണികളിലും കനത്ത ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
Discussion about this post