ന്യൂസീലന്‍ഡ് പോലീസിലേക്ക് മലയാളിയും: വനിതാ പോലീസ് ഓഫീസറായി പാലാക്കാരി; അലീനയ്ക്ക് അഭിനന്ദനപ്രവാഹം

ന്യൂസീലന്‍ഡ്: ലോകത്തിന്റെ ഏത് കോണില്‍ ചെന്നെത്തിയാലും അവിടെയൊരു മലയാളി ഉണ്ടാകും. അക്ഷരാര്‍ഥത്തില്‍ അത് ശരിയുമാണ്. മറ്റ് രാജ്യങ്ങളില്‍ ഉന്നത സ്ഥാനങ്ങളിലുള്ള മലയാളികളെല്ലാം വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോഴിതാ ന്യൂസീലന്‍ഡ് പോലീസിലെ വനിതാ പോലീസ് ഓഫീസറായിരിക്കുകയാണ് പാലാക്കാരി സ്വദേശി അലീനാ അഭിലാഷ്. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ആദ്യ നിയമനം ഓക്ലന്‍ഡിലാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ മലയാളികൂടിയാണ് അലീന.

കഴിഞ്ഞ ദിവസം വെല്ലിങ്ടണില്‍ വെച്ചായിരുന്നു അലീനയുടെ ബിരുദദാന ചടങ്ങ്. റോയല്‍ ന്യൂസീലന്‍ഡ് പോലീസ് കോളജിലാണ് ഈ പാലക്കാരി പരിശീലനം പൂര്‍ത്തിയാക്കിയത്. പാമര്‍സ്റ്റണ്‍ നോര്‍ത്തില്‍ സ്ഥിര താമസമാക്കിയവരാണ് അലീനയും കുടുംബവും. ഉള്ളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്‍ പിഴക് പുറവക്കാട്ട് ബോബി എന്നിവരാണ് അലീനയുടെ മാതാപിതാക്കള്‍.

ആറാം ക്ലാസുവരെ പാലായിലാണ് അലീന പഠിച്ചത്. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ന്യൂസീലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു. ഒട്ടാഗോ യൂണിവേഴ്സിറ്റിയില്‍ സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണ് പോലീസില്‍ ചേര്‍ന്നത്. അലീനയുടെ ആഗ്രഹപ്രകാരം തന്നെയായിരുന്നു പഠനമെല്ലാം.

ഈ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും അതിന് സാധ്യമാകുന്ന ഒരു തൊഴില്‍മേഖല സ്വീകരിക്കണമെന്നുമായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് പോലീസില്‍ ചേരാന്‍ തീരുമാനിച്ചത്. സഹോദരന്‍ ആല്‍ബി അഭിലാഷ് ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്. നിരവധി പേരാണ് അലീനയുടെ നേട്ടത്തില്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version