ബെയ്ജിങ് : കോവിഡ് മഹാമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് രണ്ട് വര്‍ഷം തികയാനിരിക്കെ ആദ്യത്തെ കോവിഡ് രോഗിയെ സംബന്ധിച്ച് പുതിയ കണ്ടെത്തല്‍. വുഹാനിലെ അക്കൗണ്ടന്റാണ് ലോകത്തെ ആദ്യ കോവിഡ് രോഗി എന്നായിരുന്നു ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ക്കല്ല വുഹാനിലെ ഒരു മാര്‍ക്കറ്റില്‍ നിന്നുള്ള മത്സ്യവ്യാപാരിക്കാണ് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് പുതിയ കണ്ടെത്തല്‍.
അരിസോണ സര്‍വകലാശാലയിലെ ഇക്കോളജി ആന്‍ഡ് ഇവല്യൂഷനറി ബയോളജി വിഭാഗം മേധാവി മൈക്കല്‍ വോറോബിയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് പുതിയ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം വുഹാന്‍ പ്രവിശ്യയിലെ പ്രധാന നഗരങ്ങളിലൊന്നായ ഹുവാനനിലെ മത്സ്യ,മാംസ മാര്‍ക്കറ്റിലെ വ്യാപാരിയായ സ്ത്രീയ്ക്കാണ് ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 2019 ഡിസംബര്‍ 11നായിരുന്നു ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനുശേഷം വേറെയും ആളുകളില്‍ വൈറസ് കണ്ടെത്തിയ ശേഷമാണ് പ്രഥമ കോവിഡ് രോഗിയെന്ന് ഇതുവരെ കരുതപ്പെട്ടിരുന്ന വുഹാനിലെ അക്കൗണ്ടന്റിന് രോഗബാധ സ്ഥിരീകരിച്ചത്.
ഡിസംബര്‍ എട്ടിന് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ലോകത്തെ ആദ്യ കോവിഡ് രോഗി ഇദ്ദേഹമാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ അന്ന് ഇദ്ദേഹം ദന്തരോഗവിദഗ്ധനെയാണ് കണ്ടതെന്നും കോവിഡുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്തിയതോടെയാണ് ആദ്യ രോഗി ഇദ്ദേഹമല്ലെന്ന് തിരിച്ചറിയുന്നത്.
വുഹാനിലെ ലാബില്‍ നിന്നാണ് ലോകത്താദ്യം കോവിഡ് പടര്‍ന്നത് എന്നായിരുന്നു ഏറെപ്പേരും വിശ്വസിച്ച് പോന്ന വാദം. എന്നാല്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് സ്വാഭാവികമായി പടര്‍ന്നതാകും കോവിഡ് എന്ന് ഈ വര്‍ഷം ആദ്യം ചൈനയും ഡബ്ല്യൂഎച്ച്ഒയും സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നും അന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
രോഗബാധ പടര്‍ന്നത് വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നല്ലാതെ ആകാന്‍ യാതൊരു വഴിയുമില്ലെന്നാണ് വോറോബിയുടെ പഠനം വ്യക്തമാക്കുന്നത്. പതിനൊന്ന് മില്യണ്‍ ആളുകളുള്ള നഗരത്തില്‍ ആദ്യം സ്ഥിരീകരിച്ച പകുതിയിലധികം കോവിഡ് കേസുകളും മാര്‍ക്കറ്റില്‍ നിന്നാണ് എന്നതിനാല്‍ രോഗബാധയുടെ ഉറവിടവും അവിടെത്തന്നെയാകാം എന്ന വാദത്തിലുറച്ചായിരുന്നു വോറോബിയുടെ പഠനം.
Discussion about this post