ബെയ്ജിങ് : കമ്മ്യൂണിസ്റ്റിതര മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കവുമായി ചൈനീസ് സര്‍ക്കാര്‍. രാജ്യത്ത് നിലവില്‍ മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് ആധിപത്യമുറപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കീഴിലല്ലാത്ത എല്ലാ മാധ്യമസ്ഥാപനങ്ങളും വിലക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമം നിലവില്‍ വരുന്നതോടെ സ്വകാര്യ വ്യക്തികള്‍ക്ക് മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാനോ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാനോ സാധിക്കുകയില്ല. സമൂഹമാധ്യമങ്ങള്‍ക്കും നിയമം ബാധകമാകും. വിദേശ വാര്‍ത്താ ഏജന്‍സികളുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനും മാധ്യമസ്ഥാപനങ്ങള്‍ക്ക് ഇതോടെ വിലക്കുണ്ടാകും.
നിയമം ആലിബാബയുടെ ഉടമസ്ഥതയിലുള്ള ഹോങ്കോങിന്റെ ചൈന മോര്‍ണിംഗ് പോസ്റ്റിനെയും ടെന്‍സെന്റിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വാര്‍ത്താ സൈറ്റായ കൈക്സിനെയും ബാധിക്കുമെന്നാണ് കരുതുന്നത്.
ലോകത്തിലെ ഏറ്റവും നിയന്ത്രിതമായ മാധ്യമരംഗങ്ങളിലൊന്നാണ് ചൈനയുടേത്. മാധ്യമപ്രവര്‍ത്തകരെയും മാധ്യമസ്ഥാപനങ്ങളെയും നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും പുതിയ സംഭവമല്ല. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, തുടങ്ങി നിരവധി യുഎസ് സേവനങ്ങള്‍ക്ക് ചൈനയില്‍ വിലക്കുണ്ട്.
രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതും ചൈനയില്‍ സ്ഥിരസംഭവമാണ്.
Discussion about this post