ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ പര്യടനത്തില്‍ നിന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പിന്മാറാന് കാരണം ഇന്ത്യയില്‍ നിന്ന് ലഭിച്ച ഭീഷണി സന്ദേശമാണെന്ന പ്രസ്ഥാവനയുമായി പാക്കിസ്ഥാന് വാര്‍ത്താവിനിമയ മന്ത്രി ഫവദ് ചൗധരി. അത്യാധുനിക യുദ്ധമുറയുടെ ഭാഗമായി ഇന്ത്യയില്‍ നിന്ന് ഉദ്ഭവിച്ച സന്ദേശവും തെറ്റായ വാര്‍ത്തകളുമാണ് കിവീസ് പരമ്പര അട്ടിമറിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“പരമ്പരയില്‍ നിന്ന് പിന്മാറാന് ന്യൂസിലന്‍ഡിനോട് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മാസം തെഹ്രിക് ഇ താലിബാന് നേതാവ് എഹ്സാനുള്ള എഹ്സാന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന് സന്ദേശം ലഭിച്ചിരുന്നു.” ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചൗധരി പറഞ്ഞു.
“ഇത് വകവയ്ക്കാതെ ന്യൂസിലന്‍ഡ് പര്യടനത്തിനെത്തി.എന്നാല്‍ മത്സര ദിവസമാണ് സുരക്ഷ സംബന്ധിച്ച ഭീഷണിയെപ്പറ്റി ന്യൂസിലന്‍ഡിന് ബോധമുണ്ടായത്. ഭീഷണി എന്താണെന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ജീവനക്കാരും ദേശീയ സുരക്ഷ ഏജന്‍സികളും പല തവണ ചോദിച്ചെങ്കിലും അവര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല.”
“ഒരു ദിവസത്തിന് ശേഷം ന്യൂസിലന്‍ഡ് ടീമിന് ഹംസ അഫ്രീദി എന്ന ഐഡിയില്‍ നിന്ന് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചു. ഇന്ത്യയിലെ മഹാരാഷ്ട്രയില്‍ നിന്നാണ് ആ സന്ദേശം അയച്ചത്. വിപിഎന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച അയച്ച സന്ദേശം ആയതിനാല്‍ ലൊക്കേഷന്‍ സിങ്കപ്പൂരെന്നാണ് കാണിച്ചത്. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.” അദ്ദേഹം അറിയിച്ചു.
പതിനെട്ട് വര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ നടത്താന്‍ നിശ്ചയിച്ച ആദ്യ പരമ്പരയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കിവീസ് പിന്മാറിയത്. പിന്നാലെ ഇതേ കാരണത്താല്‍ അടുത്ത മാസം നിശ്ചയിച്ചിരുന്ന പരമ്പര ഇംഗ്ലണ്ടും റദ്ദാക്കി. പുരുഷ ടീം പരമ്പരയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ന്യൂസിലന്‍ഡ് വനിതാ താരങ്ങള്‍ക്ക് ബോംബ് ഭീഷണിയും ലഭിച്ചിരുന്നു.
രാജ്യത്ത് അടുത്തിടെ നടന്ന ചില ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും ഇന്ത്യയാണെന്ന് പാക്കിസ്ഥാന് നേരത്തേ ആരോപിച്ചിരുന്നു.
Discussion about this post