കാബൂള്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് അഞ്ചോളം റോക്കറ്റുകള്‍ : തടഞ്ഞ്‌ മിസൈല്‍ പ്രതിരോധ സംവിധാനം

Kabul | Bignewslive

കാബൂള്‍ : അഫ്ഗാനില്‍ നിന്ന് യുഎസ് സേന പിന്‍വലിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കാബൂള്‍ വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണശ്രമം. തിങ്കളാഴ്ച രാവിലെയോടെ പാഞ്ഞടുത്ത അഞ്ചോളം റോക്കറ്റുകളെ വിമാനത്താവളത്തിലെ മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

നഗരത്തിന്റെ വടക്കുഭാഗത്ത് നിന്നാണ് റോക്കറ്റുകള്‍ എത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. ഞായറാഴ്ച വിമാനത്താവളത്തിലെ അമേരിക്കന്‍ സേനയെ ലക്ഷ്യമിട്ട് പുറപ്പെട്ട ഐഎസ് ചാവേര്‍ സംഘത്തെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചിരുന്നു. വിമാനത്താവളം ആക്രമിക്കാന്‍ പുറപ്പെട്ടവരെ വധിച്ചതായി താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദും സ്ഥിരീകരിച്ചു. വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ഇരട്ടസ്‌ഫോടനത്തില്‍ പതിമൂന്ന് യുഎസ് സൈനികരുള്‍പ്പടെ 182 പേരാണ് കൊല്ലപ്പെട്ടത്. 31ന് യുഎസ്-നാറ്റോ സൈന്യം അഫ്ഗാന്‍ വിടും. ഇതിന് മുന്നോടിയായി അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം യുഎസ് അവസാനിപ്പിച്ചു. ഇനി വിദേശപൗരന്മാരെ മാത്രമേ കൊണ്ടുപോകൂ എന്ന് പെന്റഗണ്‍ വ്യക്തമാക്കി. രാജ്യം വിടാനായി ആയിരക്കണക്കിന് അഫ്ഗാനികളാണ് ഇപ്പോഴും വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്നത്.

Exit mobile version