മോഡി മടങ്ങിയതിന് പിന്നാലെ കലാപഭൂമിയായി ബംഗ്ലാദേശ്; ക്ഷേത്രവും ട്രെയിനും അക്രമിച്ച് പ്രക്ഷോഭകർ; നിരവധി മരണം

ധാക്ക: ബംഗ്ലാദേശിന്റെ 50ാ സ്വാതന്ത്ര്യദിന ആഘോഷത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയതിന് പിന്നാലെ ബംഗ്ലാദേശിൽ വ്യാപക അക്രമം. തീവ്രമുസ്ലിം സംഘടനകളിൽ ഉൾപ്പെട്ട നൂറുകണക്കിന് ആളുകൾ ഹിന്ദുമത വിഭാഗക്കാരുടെ ക്ഷേത്രവും യാത്രക്കാർ സഞ്ചരിച്ചിരുന്ന ട്രെയിനും ആക്രമിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.

മോഡിയുടെ സന്ദർശത്തിനെതിരായ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലിന് ഇടയിൽ പത്തോളം പ്രക്ഷോഭകർ മരിച്ചതായാണ് റിപ്പോർട്ട് ചെയ്യുന്നത്. ബംഗ്ലാദേശ് ഔദ്യോഗികമായി വാർത്ത പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചതിന് പിന്നാലെ പ്രക്ഷോഭകരുടെ മരണത്തിൽ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു.

ധാക്കയിലെത്തിയ മോഡിക്ക് ‘മോഡി ഗോ ബാക്ക്’ മുദ്രാവാക്യമാണ് നേരിടേണ്ടി വന്നത്. വിദ്യാർത്ഥികളും യുവജനങ്ങളുമാണ് മോഡിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ശനിയാഴ്ച ധാക്കയിലെ ചിറ്റഗോംഗ് തെരുവിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ട്രെയിൻ അക്രമിച്ച പ്രക്ഷോഭകാരികൾ എൻജിൻ റൂം, ട്രെയിനിലെ കോച്ചുകൾ എന്നിവ നശിപ്പിച്ചു. നിരവധി സർക്കാർ ഓഫീസുകളും അക്രമകാരികൾ അഗ്‌നിക്കിരയാക്കി. പ്രസ് ക്ലബ്ബിന് നേരെയും അക്രമമുണ്ടായി. നഗരത്തിലെ വിവിധ ക്ഷേത്രങ്ങളും അക്രമത്തിനിരയായി. രാജ്ഷാഹി ജില്ലയിൽ രണ്ട് ബസ്സുകളും അക്രമികൾ തീ വച്ച് നശിപ്പിച്ചു. പ്രകടനം തടയാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലേറുണ്ടായി. മണൽച്ചാക്കും തടിയും ഉപയോഗിത്ത് റോഡുകൾ തടഞ്ഞു. നാരായൺഗഞ്ചിലുണ്ടായ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു.

അതേസമയം, മോഡിയാകട്ടെ 1.2 ദശലക്ഷം കൊവിഡ് വാക്‌സിൻ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് സമ്മാനിച്ച ശേഷമാണ് മടങ്ങിയത്.

മോഡിയുടെ സന്ദർശനത്തിന് മുമ്പ് വെള്ളിയാഴ്ചയും ധാക്കയിൽ പ്രതിഷേധക്കാർ രംഗത്തെത്തിയിരുന്നു. ഇവർക്ക് നേരെ പോലീസ് കണ്ണീർവാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചിരുന്നു. നിരവധിയാളുകൾക്ക് ഇതിൽ പരിക്കേറ്റിരുന്നു.

പ്രധാനമന്ത്രി മോഡിക്കെതിരായ പ്രതിഷേധം പ്രക്ഷോഭകരുടെ മരണത്തിൽ കലാശിച്ചതോടെ ഞായറാഴ്ച രാജ്യ വ്യാപകമായി ഹർത്താൽ ആഹ്വാനം ചെയ്തിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെയാണ് പോലീസ് വെടിവയ്പുണ്ടായതെന്നാണ് ഹെഫാസത്ത് ഇ ഇസ്ലാം സംഘടന ഓർഗനൈസിംഗ് സെക്രട്ടറി അസീസുൾ ഹഖ് പറഞ്ഞത്.

Exit mobile version