റഷ്യ: റഷ്യയിലെ ദേവാലയത്തില്‍ നടന്ന ക്രൂരമായ മാമ്മോദീസായാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിലുള്‍പ്പടെ ചര്‍ച്ചയാകുന്നത്. സാത്താന്‍ കൂടിയെന്നാരോപിച്ച് പൂര്‍ണ നഗ്നയാക്കിയ രണ്ടു വയസുകാരിയുടെ തല പുരോഹിതന്‍ ബലം പ്രയോഗിച്ച് മാമ്മോദീസാ തൊട്ടിയില്‍ മുക്കി. കുട്ടി ഭയന്ന് നിലവിളിച്ചിട്ടും ആരും എതിര്‍ത്തില്ല മാതാപിതാക്കള്‍ പോലും പ്രതികരിക്കാതെ നോക്കി നിന്നു. എന്നാല്‍ സംഭവം സമൂഹ മാധ്യമത്തില്‍ വൈറലായതോടെ പുരോഹിതനെതിരെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ നടപടിയെടുക്കുകയും ചെയ്തു.
ഇലിയ സെമിലേറ്റോവ് എന്ന പുരോഹിതനെതിരെയാണ് സഭ നടപടിക്കൊരുങ്ങുന്നത്. മാത്രമല്ല ഇങ്ങനെ ചെയ്തതില്‍ തങ്ങള്‍ക്ക് പുരോഹിതനോട് നന്ദിയുണ്ടെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞതും ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ പുരോഹിതനെ സഭാ കര്‍മ്മങ്ങളില്‍ നിന്നും വിലക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ തുടര്‍ നടപടികള്‍ എടുക്കുമെന്നുമാണ് സൂചന. ചടങ്ങില്‍ മറ്റു പുരോഹിതരും കന്യാസ്ത്രീകളും പങ്കെടുത്തിരുന്നു. ഇവരും പുരോഹിതന്റെ പ്രവൃത്തി കണ്ട് പ്രതികരിച്ചില്ല.