അന്റാര്‍ട്ടിക്ക: തന്നെ ആഹാരമാക്കാന്‍ പാഞ്ഞ കൊലയാളി തിമിംഗലങ്ങളില്‍ നിന്ന് രക്ഷനേടാന്‍ യാത്രക്കാരുടെ ബോട്ടിലേയ്ക്ക് ചാടിക്കയറുന്ന പെന്ഗ്വിന് ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. അന്റാര്‍ട്ടിക്കയിലെ ഗര്‍ലാക് കടലിടുക്കില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.
ജെന്റുവിഭാഗത്തില്പ്പെട്ട പെന്ഗ്വിനെയും പിന്തുടര്ന്നെത്തുന്ന കൊലയാളി തിമിംഗലങ്ങളെയും കണ്ടതോടെ യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. ഏറെനേരം ബോട്ടിന് ചുറ്റും നീന്തി രക്ഷപ്പെടാന്‍ പെന്ഗ്വിന് ശ്രമിച്ചെങ്കിലും തിമിംഗലങ്ങള്‍ വിടാതെ പിന്തുടരുകയായിരുന്നു. ഇടയ്ക്കു വച്ച് ബോട്ടിലേക്ക് ചാടിക്കയറാന്‍ പെന്ഗ്വിന് ഒരു ശ്രമം നടത്തിയെങ്കിലും വശങ്ങളില് ഇടിച്ചു കടലിലേക്കു തന്നെ വീഴുകയായിരുന്നു.
വീണ്ടും ഏറെ ദൂരം പോയശേഷം തിരികെ വന്ന പെന്ഗ്വിന് രണ്ടാംതവണ ബോട്ടിലേക്കു ചാടിക്കയറുക തന്നെ ചെയ്തു. വീണ്ടും കടലിലേക്ക് വീഴാതെ യാത്രക്കാര്‍ പെന്‍ഗ്വിനെ ബോട്ടിനുള്ളിലേയ്ക്ക് പിടിച്ചു കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ബോട്ടില്‍ കയറി രക്ഷപ്പെട്ട പെന്‍ഗ്വിനെ കുറച്ച് നേരം കൂടി തിമിംഗലങ്ങള്‍ പിന്തുടര്ന്നു.
ഒടുവില്‍ ഇരയെ തിരികെ കിട്ടാന്‍ സാധ്യതയില്ലെന്ന് മനസ്സിലായതോടെയാണ് തിമിംഗലങ്ങള്‍ മടങ്ങിയത്. യാത്രക്കാര്‍ക്കൊപ്പം ബോട്ടില്‍ നില്ക്കുന്ന പെന്‍ഗ്വിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കുറച്ചുദൂരം ബോട്ടില്‍ യാത്ര ചെയ്ത ശേഷം പെന്ഗ്വിന് തിരികെ വെള്ളത്തിലേക്ക് തന്നെ ചാടി പോവുകയും ചെയ്തു. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ച് കഴിഞ്ഞു.
Discussion about this post