വോട്ടെണ്ണൽ നിർത്തണം; വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഇരച്ചെത്തി ട്രംപ് അനുകൂലികൾ; എല്ലാ വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റുകളും

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിർണായകമായ ഇലക്ടറൽ വോട്ടുകൾ എണ്ണുന്നതിനിടെ വോട്ടെണ്ണൽ നിർത്തണമെന്ന ആവശ്യവുമായി ഡൊണാൾഡ് ട്രംപ് അനുകൂലികൾ രംഗത്ത്. മിഷിഗനിലെയും അരിസോണയിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് ട്രംപ് അനുകൂലികൾ തടിച്ചുകൂടിയിരിക്കുന്നത്. ബുധനാഴ്ച പ്രധാനമായ രണ്ടു സംസ്ഥാനങ്ങളിൽ നിന്നുളള ഫലം ട്രംപിന് പ്രതികൂലമായതോടെയാണ് വോട്ടെണ്ണൽ നിർത്തണമെന്നും തട്ടിപ്പ് അവസാനിപ്പിക്കണമെന്നും മുദ്രാവാക്യം മുഴക്കി ട്രംപിനെ പിന്തുണയ്ക്കുന്നവർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കെത്തിയത്.

തപാൽ ബാലറ്റുകളുടെ കാര്യത്തിൽ റിപ്പബ്ലിക്കൻസ് സംശയം ഉയർത്തുകയും ട്രംപ് തന്നെ പരസ്യമായി രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് അനുകൂലികളുടെ പ്രതിഷേധം. നിരവധി സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻസ് സ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ട്.

ഇതിനിടെ, ന്യൂയോർക്ക് സിറ്റി മുതൽ സിയാറ്റിൽ വരെ ആയിരക്കണക്കിന് ഡെമോക്രാറ്റുകൾ എല്ലാ വോട്ടുകളും എണ്ണണമെന്നാവശ്യപ്പെട്ടും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലെ വോട്ടെണ്ണൽ നടപടികളുടെ തത്സമയ സംപ്രേക്ഷണം പുറത്തെത്തുന്നുണ്ട്. മാത്രമല്ല, ബാലറ്റുകൾ എണ്ണുമ്പോൾ ഇരുപക്ഷത്തിന്റെയും നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ നടക്കുന്നതും. എന്നിട്ടും വോട്ടെണ്ണലിൽ റിപ്പബ്ലിക്കൻസ് കൃത്രിമം ആരോപിക്കുന്നത് അസ്വാഭാവികമാണെന്നാണ് ഡെമോക്രാറ്റ്‌സുകൾ ചൂണ്ടിക്കാണിക്കുന്നത്.

തപാൽ വോട്ടുകളോ, വ്യക്തി നേരിട്ട് ചെയ്തതോ ആകട്ടെ എല്ലാ വോട്ടുകളും എണ്ണണമെന്ന് എല്ലാവരും ആഗ്രഹിക്കണം. ഡെമോക്രാറ്റിക് സൂപ്പർവൈസർ സ്റ്റീവ് ഗല്ലാർഡോയും മരികോപ കൗണ്ടി ബോർഡ് ഓഫ് സൂപ്പർവൈസേഴ്‌സ് ജിഒപി ചെയർമാനായ ക്ലിന്റ് ഹിക്ക്മാനും ഒപ്പുവെച്ച പ്രസ്താവനയിൽ പറയുന്നു. ‘കൃത്യമായ വോട്ടെണ്ണലിന് സമയമെടുക്കും. ഇത് ജനാധിപത്യത്തിന്റെ തെളിവാണ്, വഞ്ചനയല്ല.’ അദ്ദേഹം പ്രതികരിച്ചു.

Exit mobile version