ഒരു കാര്‍ കേടായാല്‍ എത്ര തവണയാ നന്നാക്കുക. എത്ര നന്നാക്കിയിട്ടും പിന്നെയും ആ കാര്‍ പണി തന്ന ആര്‍ക്കായാലും ക്ഷമ നശിക്കില്ലേ? അത്തരത്തില്‍ പണി തന്ന ഒരു കാര്‍ കത്തിച്ചുകളഞ്ഞ യൂട്യൂബറുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഈ യൂട്യൂബര്‍ കത്തിച്ചുകളഞ്ഞത് ഏത് കാറാണെന്ന് കേട്ടാല്‍ ആരുമൊന്നു ഞെട്ടും. ഇന്ത്യന്‍ രൂപ പ്രകാരം 2.42 കോടി രൂപ വില വരുന്ന മെഴ്സിഡസ് എഎംജി ജിടി 63 എസ് ആണ് റഷ്യന്‍ യു ട്യൂബറായ മിഖായേല്‍ ലിത്വിന്‍ പുല്ല് പോലെ കത്തിച്ചുകളഞ്ഞത്.
പല തവണ ബ്രേക്ക് ഡൗണാവുകയും മെഴ്സിഡ്സ് ഡീലേഴ്സ് റിപ്പയര്‍ ചെയ്യുകയും ചെയ്തിട്ടും ശരിയാകാത്തതിനെ തുടര്‍ന്ന് ദേഷ്യം വന്നാണ് ലിത്വിന്‍ ഈ കാര്‍ കത്തിച്ചുകളയാന്‍ തീരുമാനിച്ചത്. അഞ്ച് തവണ റിപ്പയറിനായി കാര്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഒരു തവണ പോലും നന്നാക്കിയത് ഫലം കണ്ടില്ല. 40 ദിവസത്തോളം ഈ കാര്‍ റിപ്പയര്‍ ചെയ്തിരുന്നു. ഒരു സര്‍വീസില്‍ ടര്‍ബൈന്‍ മാറ്റി. ആറാം തവണയും ബ്രേക്ക് ഡൗണായി മെഴ്സിഡസ് ഡീലേഴ്സിനെ വിളിച്ചപ്പോള്‍ അവര്‍ ഫോണെടുത്തില്ല. ഇതോടെയാണ് കാറിന്റെ കഥ കഴിക്കാന്‍ ലിത്വിന്‍ തീരുമാനിച്ചത്.
‘മെഴ്സിഡസുമായുള്ള നീണ്ട നാളത്തെ തര്‍ക്കത്തിന് ശേഷം ആ കാറിനെ എന്ത് ചെയ്യണമെന്ന് ഞാന്‍ ആലോചിച്ചു. കത്തിച്ചു കളയുക അതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് എനിക്ക് തോന്നി. ഇതില്‍ ഞാന്‍ ഒട്ടും സന്തോഷവാനല്ല’ എന്നാണ് ലിത്വിന്‍ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചത്. കാര്‍ കൂളായി കത്തിച്ചതിന് ശേഷം ചോക്കലേറ്റ് കഴിച്ചുകൊണ്ടിരിക്കുന്ന ലിത്വിനെയും വീഡിയോയില്‍ കാണാം. തുടര്‍ന്ന് മറ്റൊരു കാറില്‍ പോകുന്ന യുട്യൂബറെയും കാണാം. ഈ വീഡിയോ ഇതിനോടകം 11 മില്യണിലധികം പേരാണ് കണ്ടത്. അമേരിക്കന്‍ ബ്ലോഗേഴ്സ് ഐ ഫോണ്‍ തകര്‍ക്കുന്നു, റഷ്യന്‍ ബ്ലോഗേഴ്സ് മെഴ്സിഡസ് കത്തിക്കുന്നു എന്നാണ് ഒരാള്‍ ഈ വീഡീയോയ്ക്ക് താഴെ കുറിച്ച കമന്റ്.
Discussion about this post