കൊവിഡ് 19 പരിശോധനയില്‍ നെഗറ്റീവായ 13കാരിയില്‍ നിന്ന് വൈറസ് ബാധയേറ്റത് 11 പേര്‍ക്ക്

വാഷിംഗ്ടണ്‍: കൊവിഡ് 19 പരിശോധനയില്‍ നെഗറ്റീവയ 13കാരിയില്‍ നിന്നും വൈറസ് ബാധ സ്ഥിരീകരിച്ചത് 11 പേര്‍ക്ക്. ബന്ധുക്കള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ ലേഖനത്തിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജൂണ്‍-ജൂലായ് മാസങ്ങളില്‍ ബന്ധുക്കളൊന്നിച്ച് അവധിക്കാലം ചെലവഴിച്ചവര്‍ക്കാണ് വൈറസ് ബാധയേറ്റത്. ജൂണിലുണ്ടായ കൊവിഡ് വ്യാപനത്തില്‍ പതിമൂന്നുകാരി പെണ്‍കുട്ടി കൊവിഡ് രോഗികളുമായി സമ്പര്‍ത്തക്കില്‍ ഏര്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിക്ക് മൂക്കടപ്പ് മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ലക്ഷണം. അവധിക്ക് പോകുന്നതിന് രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടി കൊവിഡ് പരിശോധന നടത്തി. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊവിഡ് ബാധിതരായ പതിനൊന്നു പേര്‍. ഇവരില്‍ 9 മുതല്‍ 72 വയസ്സുവരെ പ്രായമുള്ളവരുണ്ട്. അവധിക്കാലം ഒന്നിച്ചുചെലവഴിച്ച ഇവര്‍ ആരും തന്നെ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല.

കുടുംബാംഗങ്ങളുടെ സ്വകാര്യതയെ മാനിച്ച് കുടുംബവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളോ, ഇവര്‍ എവിടെയാണ് അവധിക്കാലം ചെലവഴിച്ചതെന്നോ പുറത്ത് വിട്ടിട്ടില്ല.

Exit mobile version