വത്തിക്കാന്‍: ഒരിടവേളയ്ക്ക് ശേഷം റോമിന് പുറത്തേയ്ക്ക് യാത്രയ്ക്ക് ഒരുങ്ങി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കൊവിഡ് മഹാമാരി രൂക്ഷമായതിനെ തുടര്‍ന്നാണ് അദ്ദേഹം യാത്രകളെല്ലാം മാറ്റിവെച്ചത്. അടുത്ത മാസം മൂന്നിന് ഇറ്റലിയിലെ തന്നെ അസീസി നഗരത്തിലെ പള്ളിയിലേക്ക് ആണ് പോപ്പ് യാത്ര ചെയ്യുന്നത്. കൊവിഡ് ഭീഷണി വന്നതോടെ ഫെബ്രുവരി മുതല്‍ പോപ്പ് ഔദ്യോഗിക യാത്രകള്‍ എല്ലാം റദ്ദാക്കിയിരുന്നു. ഇറ്റലി സന്ദര്‍ശനത്തിന് ഇടയിലും വിശ്വസികളുമായി നേരിട്ട് സംവദിക്കാന്‍ ഇടയില്ലെന്നാണ് ലഭിക്കുന്ന വിവരം.
സുരക്ഷയുടെ ഭാഗമായി എല്ലാ മുന്‍ കരുതലും പാലിച്ചാകും യാത്ര എന്നും അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചയാണ് വത്തിക്കാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി അവസാനം ഇറ്റാലിയന്‍ നഗരമായ ബാരിയിലേക്ക് നടത്തിയ യാത്രയായിരുന്നു ഇതിന് മുന്‍പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു ഇറ്റലിയില്‍ കൊവിഡ് ഭീഷണി രൂക്ഷമായത്. ശേഷം യാത്രകളെല്ലാം തന്നെ മാറ്റിവെയ്ക്കുകയായിരുന്നു.
അസീസി നഗരത്തിന്റെ വിശുദ്ധ ഫ്രാന്‍സിസിന്റെ ശവകുടീരത്തിന് അരികില്‍ മാര്‍പ്പാപ്പ കുര്‍ബാനയര്‍പ്പിക്കും. ഒക്ടോബര്‍ നാലിനാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ആഘോഷിക്കുന്നത്.
Discussion about this post