ലണ്ടന്‍: ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാനൊരുങ്ങി ബ്രിട്ടന്‍. ജൂലായ് നാല് മുതല്‍ ചില മേഖലകള്‍ ഒഴികെ മറ്റെല്ലാ മേഖലകളിലും നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചത്. ആരാധനാലയങ്ങള്‍, സിനിമാ തീയ്യേറ്ററുകള്‍, മ്യൂസിയം, ബാര്‍, റസ്റ്റോറന്റ്, പബുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങി മിക്ക സ്ഥാപനങ്ങളും തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ലോക്ക്ഡൗണ്‍ നീക്കാന്‍ തീരുമാനമായത്.
കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി ഇവയെല്ലാം ബ്രിട്ടണില്‍ അടഞ്ഞുകിടക്കുകയാണ്. മാര്‍ച്ച് 23നാണ് ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇവയൊക്കെ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെങ്കിലും സാമൂഹിക അകലം പാലിക്കുന്നതടക്കം സര്‍ക്കാറിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. സാമൂഹിക അകലം രണ്ട് മീറ്ററില്‍ നിന്ന് ഒരു മീറ്ററായി കുറക്കാനും തീരുമാനമായി.
അതേസമയം നൈറ്റ് ക്ലബുകള്‍, സ്പാ സെന്ററുകള്‍, നെയില്‍ ബാറുകള്‍, ടാറ്റൂ പാര്‍ലറുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂളുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദി നല്‍കിയിട്ടില്ല. ബ്രിട്ടണില്‍ ഇതുവരെ 42,000 പേരാണ് വൈറസ് ബാധമൂലം മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.