ലണ്ടന്‍: വിവാഹ ദിനത്തില്‍ അണിഞ്ഞൊരുങ്ങി നവവധു മണ്ഡപത്തില്‍ എത്തിയത് മൊബൈല്‍ ഫോണ്‍ പിടിച്ചു കൊണ്ടായിരുന്നു. അതിനൊപ്പം ഉറച്ച ഒരു തീരുമാനവും. മറ്റൊന്നുമല്ല നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന്. അതിന് തെളിവാകുന്ന ഒന്നാണ് മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്നത്. ആറു വര്‍ഷത്തെ പ്രണയത്തില്‍ ഒടുവിലാണ് വിവാഹദിനത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
വിവാഹദിനത്തിന്റെ തലേന്നാണ് നാളിത്രയും പ്രണയിച്ചവന് തന്നെ ഇത്രയും കാലം ചതിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ഇതാണ് ജീവിതത്തിലെ വിലപ്പെട്ട നിമിഷത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സുഹൃത്തുക്കള്‍ക്കൊപ്പം പിറ്റേന്നത്തെ വിവാഹത്തിനുള്ള തയാറെടുപ്പുകള്‍ മുഴുകിയിരിക്കുകയായിരുന്നു വധു. ഇടയ്ക്ക് മൊബൈല്‍ ഫോണില്‍ വന്ന ഒരു മെസ്സേജ് ആശംസ അറിയിച്ചു കൊണ്ട് ആരെങ്കിലും അയച്ചത് ആകുമെന്ന് കരുതി എടുത്തുനോക്കിയ അവര്‍ നടുങ്ങിപോയി. തന്റെ പ്രതിശ്രുത വരനൊപ്പം പ്രണയനിമിഷങ്ങള്‍ പങ്കുവെയ്ക്കുന്ന മറ്റൊരു യുവതിയുടെ ചിത്രങ്ങള്‍.
ഒപ്പം വരന് ആ യുവതിയുമായി നടത്തിയ സംഭാഷണങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും. വരനുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്ന യുവതി തന്നെയാണ് ഇതെല്ലാം വധുവിന് മെസ്സേജിലൂടെ അയച്ചു നല്‍കിയത്. ഒപ്പം ഒരു ചോദ്യവും ‘ഇങ്ങനെയൊരാളെ ഒരിക്കലും ഞാന്‍ വിവാഹം കഴിക്കില്ല നിങ്ങളോ?’ മെസ്സേജുകള്‍ എല്ലാം പരിശോധിച്ച വധുവിനും സുഹൃത്തുക്കള്‍ക്കും സംശയത്തിനിടയില്ലാത്തവിധം വരന് ചതിക്കുകയായിരുന്നുവെന്ന് പൂര്‍ണമായി ബോധ്യപ്പെട്ടു. വിവാഹം വേണ്ടെന്നു വയ്ക്കാം എന്ന് സുഹൃത്തുക്കള്‍ പറഞ്ഞെങ്കിലും ആകെ തകര്‍ന്ന അവസ്ഥയില്‍ വധു മുറിയിലേക്കു മടങ്ങി. പിറ്റേന്ന് വിവാഹ വസ്ത്രങ്ങളെല്ലാം അണിഞ്ഞൊരുങ്ങി തന്നെയാണ് വധു വേദിയിലെത്തിയത്.
പക്ഷേ വിവാഹ പ്രതിജ്ഞയ്ക്ക് പകരം അവിടെ കൂടിയിരുന്ന എല്ലാവരോടുമായി വധു പറഞ്ഞത് മറ്റൊന്നാണ്. ‘ഇന്ന് ഇവിടെ വിവാഹം നടക്കുന്നില്ല. എന്റെ വരന് ഞാന്‍ കരുതിയിരുന്നത് പോലെ ഒരു വ്യക്തിയല്ല.’ വരന് തടയാന്‍ ശ്രമിച്ചെങ്കിലും തനിക്കു ലഭിച്ച സന്ദേശങ്ങളും വിവാഹത്തിനു എത്തിയവരുടെ മുമ്പില്‍ വധു വായിച്ചു കേള്‍പ്പിച്ചു. ഇതിനിടെ ആകെ വിളറി വെളുത്ത മുഖവുമായി വരന് വേദിയില്‍നിന്ന് തടി തപ്പുകയും ചെയ്തു. വിവാഹ ചടങ്ങുകള്‍ ഉണ്ടായിരിക്കില്ലെന്നും എന്നാല്‍ സത്യസന്ധത വിജയിച്ചതിന്റെ ആഘോഷമായിരിക്കും ഇന്നത്തെ സല്‍ക്കാരമെന്നും എല്ലാവരെയും അറിയിച്ചാണ് നവവധു വേദിയില്‍ നിന്ന് മടങ്ങിയത്.
Discussion about this post