വാഷിങ്ടൺ: ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പുള്ള സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിന് സെനറ്റിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഹീറോയിസം കാണിക്കാൻ ശ്രമിച്ച് നാണംകെട്ടതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൻഹിറ്റ്. ബജറ്റവതരണത്തിന് മുൻപുള്ള പ്രസംഗത്തിനെത്തിയ ട്രംപ്, ഡെമോക്രാറ്റിക്ക് അംഗവും ഹൗസ് സ്പീക്കറുമായ നാൻസി പെലോസിക്ക് ഹസ്തദാനം നിഷേധിച്ചാണ് ‘ഷോ’ കാണിക്കാൻ ശ്രമിച്ചത്. നാൻസി ഹസ്തദാനം നൽകാനായി കൈ നീട്ടിയപ്പോൾ അത് നിരസിച്ച ട്രംപ് തന്റെ പ്രസംഗത്തിന്റെ പകർപ്പ് അവർക്ക് കൈമാറുകയായിരുന്നു. എന്നാൽ, ട്രംപ് തിരിഞ്ഞതിനു പിന്നാലെ പ്രസംഗത്തിന്റെ പേപ്പർ വലിച്ചു കീറിയാണ് നാൻസി ട്രംപിന്റെ അഹങ്കാരത്തിന് മറുപടി നൽകിയത്.
യുഎസ് ജനപ്രതിനിധി സ്പീക്കറായ നാൻസി ട്രംപിന്റെ കടുത്ത വിമർശകരിൽ ഒരാളാണ്. സഭയിലെത്തിയ ട്രംപിനെ അഭിവാദ്യം ചെയ്യാനായി നാൻസി കൈ നീട്ടിയപ്പോൾ തന്റെ പ്രസംഗത്തിന്റെ പകർപ്പ് കൈമാറി ഹസ്തദാനം നിഷേധിച്ച് ട്രംപ് തിരിഞ്ഞു നടക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ നീക്കം നാൻസിയെ ഞെട്ടിച്ചതായും അവർ അമ്പരന്നു പോയതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഹൗസ് സ്പീക്കർ പദവി വഹിക്കുന്നയാൾക്ക് പ്രസിഡന്റ് ഹസ്തദാനം നൽകുന്നതാണ് പതിവ്. ഇതാണ് ട്രംപ് കഴിഞ്ഞ ദിവസം തെറ്റിച്ചത്. ഡെമോക്രാറ്റ് നേതാവായ നാൻസിയാണ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ ശുപാർശ ചെയ്തത്. ഇക്കാരണത്താലാണ് ട്രംപ് ഇത്തരത്തിൽ പെരുമാറിയതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ പ്രതിനിധി സഭയുടെ സ്പീക്കറായ പെലോസി നാലുമാസം മുമ്പ് വൈറ്റ് ഹൗസിൽ നടന്ന യോഗത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇതിന് ശേഷം ഇന്നലെയാണ് ട്രംപ് പെലോസിയെ കാണുന്നത്.
അതേസമയം, ട്രംപ് ഹസ്തദാനം നിഷേധിച്ചതിനാൽ സ്പീക്കർ പ്രസിഡന്റിനെ സഭയ്ക്ക് പരിചയപ്പെടുത്തുന്ന ഭാഗത്തിലെ ബഹുമാന വാചകങ്ങൾ പെലോസി തന്റെ പ്രസംഗത്തിൽ ഒഴിവാക്കി. കോൺഗ്രസ് അംഗങ്ങൾ, അമേരിക്കയുടെ പ്രസിഡന്റ് എന്നിങ്ങനെ പറഞ്ഞാണ് പെലോസി തന്റെ പ്രസംഗം ആരംഭിച്ചത്.
അതേസമയം, ഇംപീച്ച്മെന്റ് നടപടികളിൽ നിന്നും രക്ഷപ്പെട്ട ട്രംപ് തന്റെ പ്രസംഗത്തിൽ ഇതിനെ കുറിച്ച് പരാമർശിച്ചതേയില്ല. മാത്രമല്ല മുൻ പ്രസിഡന്റ് ബരാക് ഒബാമയെക്കാൾ വലിയ പുരോഗതിയാണ് തന്റെ ഭരണകാലത്തുണ്ടായതെന്ന് ട്രംപ് അവകാശപ്പെട്ടു.
Discussion about this post