പോര്‍ട്ട് ബ്ലയര്‍: ആന്‍ഡമാന്‍ ദ്വീപില്‍ ഗോത്രവര്‍ഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുഎസ് പൗരന് ജോണ്‍ അലന് ചൗവിന്റെ ഡയറിക്കുറിപ്പ് പോലീസ് കണ്ടെത്തി. മരണത്തിന് മുന്‍പ് കുറിച്ചതാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ”ആദിവാസികള്‍ക്കു സമ്മാനമായി ഫുട്ബോളും മീനും നല്കി. മഞ്ഞനിറം പൂശിയ മുഖത്തെ കൗതുകം കണ്ടാണ് നടന്നടുത്തത്. പിന്നെയുണ്ടായത് ശരവര്‍ഷം”. ജോണ്‍ ഡയറിയില്‍ കുറിച്ചു.
ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റാണ് ജോണ്‍ കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളികള്‍ക്ക് 25,000 രൂപ നല്‍കിയാണ് അദ്ദേഹം ദ്വീപിനടുത്തെത്തിയതെന്നു പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് മത്സ്യത്തൊഴിലാളികളെയാണു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14നാണു ആദ്യമായി ജോണ്‍ മല്‍സ്യത്തൊഴിലാളികളുടെ ബോട്ടില്‍ ദ്വീപിനു സമീപമെത്തിയത്. എന്നാല്‍ പവിഴപ്പുറ്റുകള്‍ ഉള്ളതിനാല്‍ തീരത്തേയ്ക്ക് ബോട്ട് അടുപ്പിക്കാനായില്ല.
പിറ്റേന്നു ചെറുവള്ളത്തില്‍ ചൗ ഒറ്റയ്ക്ക് ദ്വീപിലേക്കു പോയി. അന്നു മരണത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ആദിവാസികളെ ജനങ്ങളുമായി ബന്ധിപ്പിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അടുപ്പം ഉണ്ടാക്കാനാണ് ഫുട്ബോളും സമ്മാനങ്ങളുമായി ദ്വീപില്‍ കാലുകുത്തിയത്. കൈയില്‍ ഒരു ബൈബിളും കരുതിയിരുന്നു. അഞ്ചരയടി ഉയരമുള്ള ആദിവാസിയെയാണ് ആദ്യം കണ്ടത്. ഒരാള്‍ക്കു 15 വയസോളം പ്രായം. ”എന്റെ പേര് ജോണ്‍. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, യേശുവും”- അദ്ദേഹം ഇംഗ്ലീഷില്‍ സ്വയം പരിചയപ്പെടുത്തി.
പിന്നെ സമ്മാനങ്ങള്‍ എറിഞ്ഞുകൊടുത്തു. ഫുട്ബോള്കണ്ടു ഭയന്ന ആദിവാസികള്‍ അമ്പെയ്താണു പ്രതികരിച്ചത്. 10 വയസ് പ്രായമുള്ള കുട്ടി തൊടുത്ത അമ്പ് പതിച്ചത് ബൈബിളിലാണ്. മരണത്തില്‍നിന്നു രക്ഷപ്പെട്ടത് അങ്ങനെയാണെന്നു ജോണ്‍ കുറിച്ചു. ‘ദൈവമേ അവരോട് ക്ഷമിക്കേണമേ… എന്നെ കൊല്ലാന്‍ നോക്കിയവര്‍ക്കും മാപ്പ് നല്‍കണം”. അമ്പില്‍ ലോഹത്തിന്റെ അംശവും അദ്ദേഹം കണ്ടെത്തി. അതിവേഗം ഓടിയും നീന്തിയും വള്ളത്തില്‍ കയറിയാണു രക്ഷപ്പെട്ടത്.
ടെല്സയിലെ ഒറല്‍ റോബട്ട്സ് സര്‍വകലാശാലയില്‍ പഠനത്തിനുശേഷമാണ് അദ്ദേഹം ആന്ഡമാനിലേക്കു പുറപ്പെട്ടത്. ”ഇനിയും അവരെ കാണും ജീവനോടെ മടങ്ങിയാലും ഇല്ലെങ്കിലും െദെവത്തിനു സ്തുതി” എന്ന് എഴുതിയശേഷമാണ് അദ്ദേഹം അവസാന യാത്രയ്ക്കിറങ്ങിയത്. മത്സ്യത്തൊഴിലാളികളാണ് ജോണിന്റെ ഡയറി പോര്‍ട്ട് ബ്ലയറിലെ അദ്ദേഹത്തിന്റെ സുഹൃത്ത് അലക്സാണ്ടറിനു കൈമാറിയത്. ജോണിന്റെ മൃതദേഹം വീണ്ടെടുക്കന്നതിനുള്ള നടപടി തുടരുകയാണെന്നു ചൈന്നെയിലെ യുഎസ് കോണ്‍സുലേറ്റ് അറിയിച്ചു.
Discussion about this post