കുഞ്ഞ് ജനിച്ച് മണിക്കൂറുകൾ മാത്രം; തന്നെ ഇത്രനാൾ പരിചരിച്ച പരിപാലകനെ കാണാൻ കുഞ്ഞിനേയും കൊണ്ട് ഓടിയെത്തി ‘ആനയമ്മ’; നന്ദി വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ് സോഷ്യൽമീഡിയ

മാസത്തിലൊരിക്കൽ വരാറുള്ള ഈ പിടിയാന ഇത്തവണ എത്തിയത് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള തന്റെ കുഞ്ഞുമായിട്ടാണ്.

ഷെൽഡ്രിക്: ആനയുടെ നന്ദിയുടേയും സ്‌നേഹത്തിന്റേയുമൊക്കെ കഥകൾ കുട്ടിക്കാലം മുതൽ കേട്ട് വളർന്നവരായിരിക്കും എല്ലാവരും. ഇത്തവണ ആനയുടെ അവസാനമില്ലാത്ത സ്‌നേഹത്തിന്റെ ഒരു കഥയാണ് സോഷ്യൽമീഡിയയുടെ മനസ് കീഴടക്കുന്നത്. തന്നെ വളർത്തി വലുതാക്കിയ ആന പരിപാലകനെ കാണാൻ കാട്ടിൽ നിന്നും മാസത്തിലൊരിക്കൽ വരാറുള്ള ഈ പിടിയാന ഇത്തവണ എത്തിയത് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള തന്റെ കുഞ്ഞുമായിട്ടാണ്.

ലോയിജക് എന്നു പേരുള്ള കാട്ടാനയുടെ ഈ സ്‌നേഹത്തിന്റെ വീഡിയോ ആരുടേയും കണ്ണ് നനയിക്കാൻ പോന്നതാണ്. കെനിയയിലെ ഷെൽഡ്രിക് വന്യജീവി സംരക്ഷണകേന്ദ്രത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ. അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് അനാഥയായ, ഒറ്റപ്പെട്ടുപോയ ലോയിജക് എന്ന കാട്ടാനയെ അധികൃതർക്ക് ലഭിക്കുന്നത്. പിന്നീട് ഇവിടെ വളർന്ന ആനയെ പതിയെ അധികൃതർ കാട്ടിലേക്ക് തിരിച്ചയച്ചു. എങ്കിലും തന്നെ ഒരിക്കൽ നോക്കി വളർത്തിയവരെ ഈ ആന ഒരിക്കലും മറന്നില്ല. എല്ലാ മാസവും തന്റെ സംരക്ഷകരെ കാണാൻ ആന എത്തും. ജീവനക്കാർക്കൊപ്പം സമയം ചെലവഴിച്ച് കാട്ടിലേക്ക് മടങ്ങും.

ഇത്തവണ ഈ ആനയെത്തിയത് ഒരത്ഭുതവും ഒളിപ്പിച്ചായിരുന്നു. ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനേയും കൂട്ടിയാണ് ആന എത്തിയത്. പരിപാലകരിൽ പ്രധാനിയായ ബെഞ്ചമിൻ ക്യാലോയെ അടുത്തേക്ക് വിളിച്ച് കുഞ്ഞിനൊടൊപ്പം അൽപ്പസമയം ചെലവഴിക്കാനും അമ്മ ആന അവസരം നൽകി. ലിലി എന്നാണ് കുഞ്ഞാന പെൺകുട്ടിയ്ക്ക് അധികൃതർ പേരു നൽകിയിരിക്കുന്നത്.

Exit mobile version