തിരുവനന്തപുരം: നർമ്മം നിറഞ്ഞ മറുപടിയിലൂടെയും ട്രോളുകളിലൂടെ ബോധവത്കരണവും നടത്തി ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെന്ന പോലീസ് ട്രോളന്മാർക്ക് ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം. പ്രവർത്തനമികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ പുരസ്കാരമാണ് കേരളാ പോലീസിലെ ട്രോളന്മാർക്ക് ലഭ്യമായത്.
കുറ്റാന്വേഷണം, ക്രമസമാധാനം തുടങ്ങി ബോധവൽക്കരണ പ്രവർത്തനങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ കഴിഞ്ഞ വർഷം മികവ് പുലർത്തിയവർക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിച്ചത്. ക്രിയാത്മകമായ നവമാധ്യമ ഇടപെടലിലൂടെ പോലീസ് പൊതുജനബന്ധം ശക്തിപ്പെടുത്തുവാൻ നടത്തിയ ശ്രമത്തിനാണ് പുരസ്കാരം ലഭ്യമായത്.
വലിയ ആശയങ്ങൾ ട്രോളുകളിലൂടെയും നർമ്മം കലർത്തി മറുപടി പറഞ്ഞും ജനഹൃദയങ്ങളിൽ സ്ഥാനംനേടിയ കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിന് നിലവിൽ പതിനൊന്നര ലക്ഷത്തിനടുത്താണ് ഫോളോവേഴ്സ് ഉള്ളത്. ലോകത്തിലെ തന്നെയുള്ള പോലീസ് പേജുകളിൽ ഒന്നാമതാണ് കേരളാ പോലീസിന്റെ പേജ്.
എഡിജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള സോഷ്യൽ മീഡിയ സെല്ലിൽ സീനിയർ സിവിൽ ഓഫീസർമാരായ കമൽനാഥ് കെആർ, ബിമൽ വി എസ്സ്, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് പി എസ്സ് , അരുൺ ബിടി എന്നിവരാണ് പ്രവർത്തിക്കുന്നത്. ഫേസ്ബുക്കിന് പുറമെ ഇൻസ്റ്റഗ്രാം ട്വിറ്റർ എന്നിവയും കൈകാര്യം ചെയ്യുന്നത് ഇവർ തന്നെയാണ്. ഇവയ്ക്ക് പുറമെ ടിക് ടോക്കിലും പുതിയ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Discussion about this post