കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന് പിന്നാലെ വല്ലാര്‍പാടം-വൈപ്പിന്‍ പാലത്തിലും വിള്ളല്‍ കണ്ടെത്തിയിരിക്കുകയാണ്. മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇത് പാലത്തിന്റെ ബലക്ഷയം ആണെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി തടഞ്ഞു വെച്ചിരിക്കുകയാണ്.
മേല്‍പ്പാലം ഇനി ഗതാഗതത്തിനായി ദേശീയ പാത അതോറിട്ടിയുടെ പരിശോധനക്ക് ശേഷം മാത്രമേ പുനഃസ്ഥാപിക്കുകയുള്ളൂ. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് മുന്നില്‍ നിര്‍മ്മിച്ചിരിക്കുന്ന മേല്‍പ്പാലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഈ ഭാഗത്തുള്ള ടാറിങ് പൊളിഞ്ഞിട്ടുണ്ട്. ബസ് ജീവനക്കാരാണ് ഈ വിവരം പോലീസിനെ അറിയിച്ചത്.
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് നിര്‍മ്മിച്ച് ദേശീയ പാത അതോറിട്ടിക്ക് കൈമാറിയ പാലം ആറ് മാസം മുമ്പാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. അപ്രോച്ച് റോഡിന് മാത്രമാണ് തകരാര്‍ കണ്ടെത്തിയതെന്നും ഡിസൈന്‍ ചെയ്ത കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ഇത് പരിശോധന നടത്തുമെന്നും കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് അറിയിച്ചു. ആവശ്യമെങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പാലം പണിത കരാറുകാരനോട് ആവശ്യപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post