പരാധീനതകളോട് പടവെട്ടി സുകന്യയ്ക്ക് റാങ്ക് തിളക്കം! എഞ്ചിനീയറിങ് എന്‍ട്രന്‍സില്‍ കൊയ്തത് ഒന്നാംറാങ്ക്

എന്‍ട്രന്‍സ് പരീക്ഷയുടെ പ്രത്യേക പരിശീലനമൊന്നുമില്ലാതെയാണ് സുകന്യ മിന്നും വിജയം നേടിയത്.

പടന്ന: കാസര്‍കോട് പാണത്തൂര്‍ സ്വദേശിനിയായ സുകന്യ പരിമിതമായ സ്‌കൂള്‍ സൗകര്യത്തിനോടും ദാരിദ്രത്തോടും പടവെട്ടി നേടിയ റാങ്കിന് പത്തരമാറ്റാണ്. എഞ്ചിനീയറിങ് എന്‍ട്രന്‍സിലാണ് സുകന്യ എസ് ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയത്. എന്‍ട്രന്‍സ് പരീക്ഷയുടെ പ്രത്യേക പരിശീലനമൊന്നുമില്ലാതെയാണ് സുകന്യ മിന്നും വിജയം നേടിയത്.

കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശമായ പണത്തൂര്‍ കുണ്ടുപ്പള്ളിയിലെ സുകന്യ പരിമിതമായ വിദ്യാഭ്യാസ സൗകര്യങ്ങളില്‍ നിന്ന് പഠിച്ചാണ് ഒന്നാം റാങ്കിന്റെ തിളക്കത്തിലെത്തിയത്. പതിമൂന്ന് വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചതോടെ അമ്മ മാത്രമാണ് സുകന്യയുടെ ഒരേയൊരു ആശ്രയം. തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ പത്മാവതിയുടെ ഏകവരുമാനത്തിലാണ് ഈ വിദ്യാര്‍ത്ഥിനിയുടെ പഠനം. കാറ്റടിച്ച് ഒരു മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഈ വീട്ടില്‍, അമ്മയെ കൂടാതെ സുകന്യയ്ക്ക് രണ്ടു സഹോദരിമാരും, ഒരനുജനുമുണ്ട്. സുകന്യ പഠിച്ച് ഉന്നതിയിലെത്താനായി കഷ്ടപ്പെടുകയാണ് ഈ കുടുംബം.

അതേസമയം, ആദ്യ പത്ത് റാങ്കില്‍ ഇടം പിടിച്ചതിന്റെ സന്തോഷത്തിലാണ് കാട്ടുകുളങ്ങരയിലെ ഇരട്ടസഹോദരങ്ങളായ സഞ്ജയും,സൗരവും. നാലും, എട്ടും റാങ്കുകളാണ് ഇരട്ടസഹോരങ്ങളായ സഞ്ജയും,സൗരവും ചേര്‍ന്ന് നേടിയത്.

Exit mobile version