കൊച്ചി: സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോയും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇത്തരം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. ഒരു വ്യക്തി നല്കിയ ഹര്‍ജി പരിഗണിച്ച ശേഷമാണ് കോടതി ഇക്കാര്യം പരാമര്‍ശിച്ചത്.
2008 ല്‍ കൊല്ലത്ത് ബസ് കാത്ത് നിന്ന യുവതിയുടെയും യുവാവിന്റെയും കയ്യില്‍ നിന്നും പോലീസ് ഡിജിറ്റല്‍ ക്യാമറ പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ അതില്‍ യുവതിയുടെ ലൈംഗിക സ്വഭാവ ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു. സ്ത്രീയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പേരില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ യുവാവ് താന്‍ കല്ല്യാണം കഴിക്കാന്‍ പോകുന്ന ആളാണെന്നും ക്യാമറയിലുള്ള ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാത്ത സ്ഥിതിക്ക് കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുവാവും യുവതിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. ദൃശ്യങ്ങളടങ്ങിയ ക്യാമറ തന്റെതാണെന്നും യുവതി കോടതിയെ അറിയിച്ചു.
ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി സ്വന്തം നഗ്നചിത്രങ്ങളും വീഡിയോകളും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് പരാമര്‍ശിച്ചത്. യുവതിക്കും യുവാവിനും എതിരെയുള്ള കേസും റദ്ദാക്കി. എന്നാല്‍ ഇത്തരത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.
Discussion about this post