പാലക്കാട്: നെറ്റിപ്പട്ടം ചുറ്റി അലങ്കരിച്ച ആനവണ്ടിയില്‍ ജീവിതയാത്ര ആരംഭിച്ച് നവദമ്പതികള്‍. വിവാഹത്തിന് ആഢംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന കാലത്ത് വ്യത്യസ്തമായി കെഎസ്ആര്‍ടിസി ബസ് യാത്രക്കായി തെരഞ്ഞെടുത്ത് കൈയ്യടി നേടിയിരിക്കുകയാണ് കൊല്ലങ്കോട് മാങ്ങോട് ബൈജു-സുസ്മിത ദമ്പതികള്‍.
പൊതുവേ ടൂറിസ്റ്റ് ബസുകളും മറ്റും കല്ല്യാണ യാത്രക്കായി തെരഞ്ഞടുക്കുന്ന സ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ് തെരഞ്ഞെടുത്തത് കാണികളില്‍ ഏറെ കൗതുകമുണര്‍ത്തി. മാങ്ങോട്ടെ ബാലന്- ലളിത ദമ്പതികളുടെ മകന് ബൈജുവാണ് കല്ല്യാണത്തിന് കെഎസ്ആര്‍ടിസി ബസ് ഒരുക്കിയത്. ഇന്നലെ രാവിലെ തത്തമംഗലം മാങ്ങോട്ടുനിന്ന് ആരംഭിച്ച യാത്ര പോത്തംപാടത്തെ കമ്യൂണിറ്റി ഹാളിനു മുന്നിലാണ് എത്തിച്ചേര്‍ന്നത്.
ചിറ്റൂര്‍ ഡിപ്പോയില്‍ നിന്നുള്ള ഈ കെഎസ്ആര്‍ടിസി ബസില്‍ സ്ഥലപ്പേരുകള്‍ക്കു പകരം വിവാഹം, മാങ്ങോട്, ബൈജു, സുസ്മിത എന്നിങ്ങനെ എഴുത്തുകളാണ് പ്രത്യക്ഷപ്പെട്ടത്. കല്ല്യാണ ദിവസം കെഎസ്ആര്‍ടിസി ബസ് യാത്രക്കായി തെരഞ്ഞെടുക്കാന്‍ വധു മുതലമട പള്ളത്തു വേലായുധന്-സുശീല ദമ്പതികളുടെ മകള്‍ സുസ്മിതയുടെയും കട്ട സപ്പോര്‍ട്ട് എറണാകുളത്തെ സ്വകാര്യ കമ്പനി ജോലിക്കാരനായ ബൈജുവിനുണ്ടായിരുന്നു.
കല്ല്യാണം കൂടാനെത്തിയവരിലും മറ്റും ഏറെ കൗതുകമുണര്‍ത്തിയ ബൈജുവിന്റെ ഈ തീരുമാനത്തിന് പിന്നില്‍ വിവാഹത്തിന് ആഢംബര വാഹനങ്ങള്‍ ഒഴിവാക്കി പകരം കെഎസ്ആര്‍ടിസിയെ ഒരു കൈ സഹായിച്ച് പൊതുമുതല്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അറിയിക്കുക എന്ന സാമൂഹ്യലക്ഷ്യവുമുണ്ട്. അക്രമങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെടുമ്പോള്‍ ആദ്യത്തെ ഇരയായ കെഎസ്ആര്‍ടിസിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കൂടി ഉയര്‍ത്തിക്കാണിക്കുന്ന യാത്ര ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. .
Discussion about this post